ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ജെഇഇ മെയിന്‍ പ്രവേശന പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ഥിനി ജീവനൊടുക്കി. എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള മത്സര പരീക്ഷയായ ജെഇഇ മെയിന്‍സിന്റെ ഫലം ചൊവ്വാഴ്ച്ചയായിരുന്നു പ്രഖ്യാപിച്ചത്. സ്വകാര്യ പരിശീലനകേന്ദ്രത്തില്‍ കോച്ചിംഗിന് പോയിരുന്ന പെണ്‍കുട്ടി പരീക്ഷാഫലം വന്നതോടെ മാനസികമായി ആകെ തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ക്ക് കുറഞ്ഞതിലുള്ള നിരാശമൂലം പെണ്‍കുട്ടി ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 'ക്ഷമിക്കണം, അമ്മേ, പപ്പാ... ദയവായി എന്നോട് ക്ഷമിക്കൂ. എനിക്ക് പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാന്‍ സാധിച്ചില്ല, നമ്മുടെ ഒരുമിച്ചുള്ള യാത്ര ഇവിടെ അവസാനിക്കുന്നു. പപ്പയും അമ്മയും കരയരുത്. നിങ്ങള്‍ രണ്ടുപേരും എനിക്ക് അളവറ്റ സ്‌നേഹം നല്‍കി. നിങ്ങളുടെ സ്വപ്നങ്ങള്‍ എനിക്ക് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല' ഇങ്ങനെയായിരുന്നു ആത്മഹത്യാ കുറിപ്പിലെ വരികള്‍.
രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയത്. ആത്മഹത്യ ചെയ്ത ദിവസം രാവിലെയും പെണ്‍കുട്ടി അച്ഛനോട് സംസാരിക്കുകയും, തന്റെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒപ്പം തന്റെ പരീക്ഷാഫലത്തെക്കുറിച്ച് ആരെയും അറിയിക്കരുതെന്നും അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത ശ്രമത്തില്‍ നമുക്ക് ശരിയാക്കാം എന്ന് മകളെ അച്ഛന്‍ ആശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ ഉച്ചയോട് കൂടി പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേ സമയം തന്റെ മകള്‍ ഇത്രയും കടുത്ത തീരുമാനം എടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് അച്ഛന്‍ വേദനയോടെ പറയുന്നു. ബുധനാഴ്ച്ച ഏറെ നേരം പെണ്‍കുട്ടി മുറിയില്‍ കതകടച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഏറെ വൈകിയും തുറക്കാതായതോടെ സഹപാഠികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിക്കുകയായിരുന്നു. ഒടുവില്‍ പൊലീസിന്റെ സഹായത്തോടെ വാതില്‍ തുറന്നപ്പോള്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.