പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ ; ട്രംപുമായുള്ള കൂടിക്കാഴ്ച നാളെ

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ ; ട്രംപുമായുള്ള കൂടിക്കാഴ്ച നാളെ
ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി. പെന്‍സില്‍വാനിയ അവന്യൂവിലുള്ള ബ്ലെയര്‍ ഹൗസില്‍ എത്തിയ മോദിയെ ഇന്ത്യന്‍ പ്രവാസി സമൂഹം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിയും വന്ദേമാതരം ചൊല്ലിയുമാണ് സ്വീകരിച്ചത്. എക്‌സിലൂടെയാണ് മോദി അമേരിക്കയിലെത്തിയ കാര്യം അറിയിച്ചത്.

' വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. ഡൊണാള്‍ഡ് ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര നയതന്ത്ര ബന്ധം കെട്ടിപ്പടുക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ജനതയുടെയും, നമ്മുടെ രാജ്യത്തിന്റെ മികച്ച ഭാവിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒരുമിച്ച് യോജിച്ച് പോകും'.

എന്നായിരുന്നു അമേരിക്കയിലെത്തിയ മോദി എക്‌സില്‍ കുറിച്ചത്. യുഎസിലെത്തിയ മോദി ആദ്യം നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡുമായാണ് ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉണ്ടായിരുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. തുള്‍സി ഗബ്ബാര്‍ഡ് ഇന്ത്യന്‍ നിലപാടുകളെ പിന്തുണച്ചതായും മോദി തന്റെ എക്‌സില്‍ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാണ് കൂടിക്കാഴ്ച്ച. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കും. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇത് കൂടാതെ വ്യാപാരം, ഊര്‍ജ്ജ സഹകരണം തുടങ്ങിയ നിര്‍ണായക വിഷയങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും.

നിലവില്‍ അമേരിക്ക ഇന്ത്യയ്ക്ക് എതിരെ ഒരു താരിഫും ഏര്‍പ്പെടുത്തിയിട്ടില്ല. മറ്റ് ലോകരാജ്യങ്ങള്‍ക്ക് അമേരിക്ക താരിഫ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയ്ക്കും ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇക്കാര്യവും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയാകും. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിയ്ക്കായി ഡൊണാള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.

Other News in this category



4malayalees Recommends