ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ബിസിനസ്സിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച്ച. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പരസ്പരം വാനോളം പുകഴ്ത്തിയാണ് നേതാക്കള്‍ സംസാരിച്ചത്.
വ്യാപാര നയതന്ത്ര മേഖലകളില്‍ സുപ്രധാന പ്രഖ്യാപനങ്ങളാണ് കൂടിക്കാഴ്ച്ചയിലുണ്ടായത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍നിന്ന് കൂടുതല്‍ ഇന്ധനം വാങ്ങാനും കരാറായി. അതേസമയം, ഇന്ത്യയുമായുള്ള ചര്‍ച്ചയിലും നികുതി തീരുമാനങ്ങളില്‍ ട്രംപ് ഇളവിന് തയാറായില്ല. അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും അതെ നികുതി തിരികെ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. വ്യാപാര കാര്യത്തില്‍ ശത്രു രാജ്യങ്ങളെക്കാള്‍ മോശമാണ് സഖ്യ രാജ്യങ്ങളെന്നും പറഞ്ഞ ട്രംപ് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് ട്രംപുമായി യോജിച്ചു പ്രവര്‍ത്തിച്ച് ഇന്ത്യ -അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ഇന്ത്യ അമേരിക്കയില്‍ നിന്ന് എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വാതകം എന്നിവ വളരെ കൂടുതല്‍ വാങ്ങാന്‍ പോകുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മില്‍ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ രണ്ടാമൂഴത്തില്‍ ഇരട്ടി വേഗതയില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വ്യാപാര ബന്ധത്തില്‍ ഇന്ത്യയോട് കടുപ്പിച്ചാല്‍ ഒരുമിച്ച് എങ്ങിനെ ചൈനയെ നേരിടുമെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാല്‍ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണെന്നയിരുന്നു മോദിയുടെ മറുപടി.
രാജ്യ താല്പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു.