സ്വകാര്യ ബസിനുള്ളില്‍ വെച്ച് യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഫരീദാബാദിലെ സെക്ടര്‍ 17ലാണ് സംഭവം. 56 കാരിയായ വീട്ടുജോലിക്കാരിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായത്.
സംഭവത്തില്‍ ഡ്രൈവര്‍ കുറ്റകൃത്യം ചെയ്യുമ്പോള്‍ കാവല്‍ നിന്ന കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ഫ്ലാറ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീ, ജോലി ചെയ്യുന്ന വീട്ടിലേക്ക് പോകുന്നതിനായി വൈകുന്നേരം 6 മണിയോടെ സെക്ടര്‍ 17 ബൈപാസ് റോഡില്‍ വാഹനം കാത്തിരിക്കുകയായിരുന്നു. ഈ സമയം, വെളുത്ത ബസ് വന്നുനിന്നു. അതുവഴിയാണ് പോകുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ ഇവര്‍ കയറി.
ബസില്‍ കയറിയപ്പോഴാണ് വാഹനത്തിലെ ഒരേയൊരു യാത്രക്കാരി താനാണെന്ന് ഇവര്‍ അറിഞ്ഞത്. പോകുന്ന വഴി കൂടുതല്‍ യാത്രക്കാര്‍ കയറുമെന്ന് കണ്ടക്ടര്‍ പറയുകയും ചെയ്തു. എന്നാല്‍, ഒറ്റപ്പെട്ട സ്ഥലത്ത് ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇവരെ പീഡിപ്പിച്ചു. ഈ സമയം, കണ്ടക്ടര്‍ എല്ലാ ജനാലകളും അടക്കുകയും മറ്റുള്ളവര്‍ വരുന്നുണ്ടോ എന്ന് നോക്കി കാവല്‍ നില്‍ക്കുകയും ചെയ്തു.
ആക്രമണത്തിന് ശേഷം, പ്രതി സ്ത്രീയെ സെക്ടര്‍ 17 ല്‍ ഇറക്കിവിട്ടു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതി പോലീസില്‍ പരാതി നല്‍കി.