സഹപാഠിയെ വീട്ടിലെത്തിച്ച് ബലാത്സംഗം; പോക്‌സോ കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍
ആലപ്പുഴയില്‍ സഹപാഠിയെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആലപ്പുഴ എഎന്‍ പുരം സ്വദേശി ശ്രീശങ്കര്‍ (18) ആണ് പിടിയിലായത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. ആലപ്പുഴ സൗത്ത് പൊലീസാണ് പോക്‌സോ കേസില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.
നാല് മാസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് സഹപാഠിയ്ക്ക് നേരെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ഥി കൂടിയാണ് കേസിലെ പ്രതി. 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് കേസെടുത്തിരുന്നില്ല. വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശേഷം വീണ്ടും പുനപ്രവേശനം ലഭിക്കുകയായിരുന്നു. ഇന്നലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.