പിതാവിനൊപ്പം പോകവേ സ്‌കൂട്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് യുവതി മരിച്ചു ; ദുരഭിമാനക്കൊലയെന്ന് സുഹൃത്ത്
യുവതിയുടെ അപകട മരണം ദുരഭിമാനക്കൊലയെന്ന് ആരോപിച്ച് സുഹൃത്ത് രംഗത്ത്. രാമോഹള്ളി സ്വദേശിനി സഹാന (20)യുടെ മൃതദേഹം ഹുസ്‌കൂര്‍ തടാകത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പിതാവ് രാമമൂര്‍ത്തിയുടെ കൂടെ യാത്ര ചെയ്യവേ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞെന്നാണ് ബന്ധുക്കള്‍ ഹെബ്ബഗോഡി പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സഹാനയുടെ കൂടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനാണ് യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരുടേയും പ്രണയത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും തമ്മിലുള്ള പ്രണയം അംഗീകരിക്കില്ലെന്ന് രാമമൂര്‍ത്തി നേരത്തെ തന്നെ നിതിനോട് പറഞ്ഞിരുന്നു. മറ്റൊരു യുവാവുമായി സഹാനയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിന് സഹാന തടസ്സം നിന്നതോടെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.