അതിക്രൂര മര്‍ദനം പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിന് ; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നെന്ന് പൊലീസ്. മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി പണം കൊടുക്കാന്‍ തയ്യാറായില്ല. പണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് പകര്‍ത്തിയത്. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. നിലവില്‍ കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടത്തിയിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോണില്‍ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് അറിയുന്നതിനായി മൊബൈല്‍ ഫോണുകള്‍ ശാസ്ത്രിയ പരിശോധനയ്ക്ക് അയച്ചു. നിലവില്‍ റിമാന്റിലുള്ള പ്രതികളെ പൊലീസ് ഉടന്‍ കസ്റ്റിയില്‍ വാങ്ങില്ല. വിശദമായി അന്വേഷണത്തിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുന്നത്.