സിനിമാ സംഘടനകളില്‍ പോര് രൂക്ഷമാകുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന ഇന്ന് പ്രസ്താവന പുറത്തിറക്കും.
സിനിമാ സമരം അടക്കം രണ്ട് ദിവസം മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആന്റണിക്കൊപ്പം പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്, എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട് എന്നൊക്കെയായിരുന്നു ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിച്ചത്. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിച്ചതിനെതിരെയും ആന്റണി പ്രതികരിച്ചിരുന്നു.
എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യ ചര്‍ച്ചയ്ക്ക് വിധേയമാക്കിയത് എന്തിനാണ്, താന്‍ പോലും അതിനെ കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ല എന്നാണ് ആന്റണി പെരുമ്പാവൂര്‍ കുറിച്ചത്.