ബന്ദികളെ ഇന്നു തന്നെ കൈമാറും'; ഇസ്രയേല്‍ സൈന്യം ഗാസ വളഞ്ഞതിന് പിന്നാലെ നിലപാട് മാറ്റി ഹമാസ്; നീക്കങ്ങള്‍ നിരീക്ഷിച്ച് ട്രംപും ഇസ്രയേലും

ബന്ദികളെ ഇന്നു തന്നെ കൈമാറും'; ഇസ്രയേല്‍ സൈന്യം ഗാസ വളഞ്ഞതിന് പിന്നാലെ നിലപാട് മാറ്റി ഹമാസ്; നീക്കങ്ങള്‍ നിരീക്ഷിച്ച് ട്രംപും ഇസ്രയേലും
ഗാസയ്ക്ക് ചുറ്റും ഇസ്രയേല്‍ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെ നിലപാട് മാറ്റി ഹമാസ്. മുന്‍നിശ്ചയിച്ചപ്രകാരം ബന്ദികളെ ഇന്നുതന്നെ ഇസ്രയേലിന് കൈമാറാന്‍ സന്നദ്ധമെന്ന് അവര്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം മൂന്ന് ബന്ദികളെയാണ് കൈമാറുക. ഇന്നു ബന്ദികളെ കൈമാറിയില്ലെങ്കില്‍ ഗാസയിലേക്ക് വീണ്ടും ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന് അമേരിക്കയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹമാസിനെ ആക്രമിക്കാനായുള്ള തയാറെടുപ്പുകള്‍ ഇന്നലെ ഇസ്രയേല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹമാസ് ഇന്ന് ബന്ദികളെ വിട്ടില്ലെങ്കില്‍ ഗാസയില്‍ ശക്തമായ ആക്രമണം തുടരാനാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റിസര്‍വ് സൈനികരോടു തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇന്ന് മൂന്നു ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കേണ്ടത്. ഗാസ അതിര്‍ത്തിയില്‍ പടയൊരുക്കം ആരംഭിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 19ന് ആരംഭിച്ച വെടിനിര്‍ത്തല്‍ ഇസ്രയേല്‍ ലംഘിക്കുന്നെന്നാരോപിച്ചാണു ശനിയാഴ്ച ബന്ദികളെ വിടില്ലെന്ന് ഹമാസ് നിലപാട് എടുത്തിരുന്നു.

മുഴുവന്‍ ബന്ദികളെയും വിട്ടില്ലെങ്കില്‍ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ റദ്ദാക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും താക്കീത് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമം മധ്യസ്ഥരായ ഖത്തറും ഈജിപ്തും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ഹമാസിനെ സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ പിന്തുണയിലുള്ള ഇസ്രയേല്‍ ആക്രമണം കടുത്തതായിരിക്കുമെന്ന് ഇവര്‍ ഹമാസിനെ അറിയിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ അന്തിമ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഇതിനായി ശനിയാഴ്ച്ചവരെ സമയം നല്‍കുന്നുവെന്നും അദേഹം പറഞ്ഞിരുന്നു. ഇത് അനുസരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങും. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 'ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍, വീണ്ടും നരകം സൃഷ്ടിക്കും ട്രംപ് ഭീഷണി മുഴക്കി. ഇനി 'എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു.

Other News in this category



4malayalees Recommends