എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. സംഭവം നടന്ന് 30 ദിവസത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്.പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു ഭാര്യ ഉഷ , മകള്‍ വിനിഷ എന്നിവരെയാണ് അയല്‍വാസിയായ ഋതു ജയന്‍ വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും കൃത്യം നടത്തുന്ന സമയത്ത് ലഹരി ഉപയോ?ഗിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.
കേസില്‍ നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിക്കുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ ജിതിന്‍ ആശുപത്രിയില്‍ തുടരുകയാണ്. ജനുവരി 15 തിയതിയാണ് ഋതു ജയന്‍ എന്ന കൊടും ക്രിമിനില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തലക്കടിച്ചു കൊലപ്പെടുത്തിയത്. അയല്‍ത്തര്‍ക്കം ആയിരുന്നു കാരണം. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കുറ്റപത്രം അതിവേഗം സമര്‍പ്പിക്കുന്നത്.
പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായില്ല. ജിതിന്‍ സംസാരശേഷി വീണ്ടെടുത്തിട്ടില്ല. ക്രൂരകൃത്യം കണ്ട കുട്ടികളുടെ മൊഴി, സിസിടിവി ദൃശ്യങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍ തുടങ്ങിയവ അന്വേഷണം കണ്ടെത്തിയിട്ടുണ്ട്. കുറ്റപത്രത്തിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ജിതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ ഋതു ജയന്‍ മാത്രമാണ് പ്രതി. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗസംഘമാണ് കേസ് അന്വേഷിച്ചത്. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കുറ്റപത്രം സമര്‍പ്പിക്കും.