കാനഡയിലെ എത്തുന്ന വിദ്യാര്‍ഥികള്‍ എവിടെ പോകുന്നു എന്ന ചോദ്യം ഇപ്പോള്‍ വളരെ പ്രസക്തമാണ്. 2024 മാര്‍ച്ചിലും ഏപ്രിലിലും ഏകദേശം 50,000 ത്തോളം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അവരുടെ കോളേജുകളിലും സര്‍വകലാശാലകളിലും ഹാജരായില്ലെന്ന് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത് ആ കാലയളവിലെ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ 6.9% വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കാനഡയിലെ സ്റ്റുഡന്റ് വീസ സമ്പ്രദായത്തിലെ ഇമിഗ്രേഷന്‍ തട്ടിപ്പിനെയും സുരക്ഷാ വീഴ്ചകളെയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ ഈ കുറവ് കൂടുതല്‍ ആശങ്കാജനകമാണ്.
കാനഡയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിഭാഗമായ ഇന്ത്യക്കാര്‍ ഈ പ്രശ്‌നത്തില്‍ വലിയ പങ്കുവഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. ഏകദേശം 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ അഡ്മിഷന്‍ എടുത്ത സ്ഥാപനങ്ങളില്‍ ഹാജരായില്ല. ഇതിനുപിന്നാലെ ഇന്ത്യയിലെ ചില കോളേജുകളും നിയമവിരുദ്ധ കുടിയേറ്റ സംഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചില വിദ്യാര്‍ഥികള്‍ കാനഡയിലെ പഠനം ഉപേക്ഷിച്ച് യുഎസിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ സ്റ്റഡി പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.
വിദ്യാര്‍ഥികള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. നിയന്ത്രണമില്ലാത്ത ഏജന്റുമാരും ഇടനിലക്കാരും വിദ്യാര്‍ത്ഥികളെ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി വഴിതെറ്റിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പെട്ടെന്നുള്ള ജോലി അല്ലെങ്കില്‍ സ്ഥിര താമസത്തിനുള്ള വ്യാജ വാഗ്ദാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കാനഡയിലേക്ക് പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തുക മുഴുവന്‍ നല്‍കേണ്ടതില്ല. ഇതും വിദ്യാര്‍ഥികള്‍ കോളേജുകളില്‍ എത്താതിരിക്കുന്നതിന്റെ പ്രധാനകാര്യങ്ങളില്‍ ഒന്നാണ്. ചില വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തേക്കാള്‍ ജോലിക്കോ കുടിയേറ്റത്തിനോ മുന്‍ഗണന നല്‍കുന്നു.
പല വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളും വിദേശ പഠനത്തിനായി വലിയ തുകയാണ് ചെലവാക്കുന്നത്. പലപ്പോഴും ദീര്‍ഘകാല സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിച്ചാണ് വന്‍ തുക ചെലവാക്കി വിദ്യാര്‍ഥികള്‍ കാനഡയിലേക്ക് എത്തുന്നത്. ചിലര്‍ സ്ഥിര താമസത്തിനോ തൊഴിലിനോ വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ പഠനത്തെ മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഇതും ചര്‍ച്ചയാകുകയാണ്.