അടുക്കളയില്‍ മരപ്പിടിയുള്ള കത്തികള്‍ ഉപയോഗിക്കരുത് ; നിര്‍ദ്ദേശവുമായി സൗദി മുനിസിപ്പാലിറ്റി
സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലെയും വീടുകളിലെയും സെന്‍ട്രല്‍ കിച്ചണുകളില്‍ മാംസം, കോഴി, മത്സ്യം എന്നിവ മുറിക്കുന്നതിന് മരപ്പലകകളോ മരപ്പിടിയുള്ള കത്തികളോ ഉപയോഗിക്കരുതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണിത്. ഭക്ഷണം പാചകം ചെയ്യുന്നതിലും വില്‍ക്കുന്നതിലുമടക്കം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മരപ്പലകകളും മരപ്പിടിയുള്ള കത്തികളും വൃത്തിയാക്കുക ബുദ്ധിമുട്ടായതിനാലും മരത്തിന്റെ ഭാഗങ്ങളില്‍ ഭക്ഷണ സാധനങ്ങളില്‍ കലരാനുള്ള സാധ്യത പരിഗണിച്ചുമാണ് ഈ നിര്‍ദേശം. ഇവയ്ക്കു പകരും എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് പോലുള്ളവയില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ഭക്ഷണം തയാറാക്കുന്നതിനായി പ്രത്യേക സ്ഥലം സജ്ജമാക്കണം. ആ സ്ഥലം ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മാത്രമായി പരിമിതപ്പെടുത്തണം. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും ഉപഭോക്താക്കളും ഭക്ഷണം പാകം ചെയ്യുന്ന പ്രദേശം കാണുന്ന വിധത്തിലായിരിക്കണം സ്ഥലം ഒരുക്കേണ്ടത്. സുതാര്യമായ ഗ്ലാസ് കൊണ്ട് വേര്‍തിരിക്കണം. കാമറകളും സ്‌ക്രീനുകളും ഉപയോഗിച്ച് പ്രദേശം കാണാനുള്ള സൗകര്യം ഒരുക്കുന്ന കാര്യവും പരിഗണിക്കാമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.