ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ 18 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണം.
അപകടത്തില്‍ റെയില്‍വേ ഉന്നതല സമിതി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് അംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ കയറാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് അപകടം ഉണ്ടായത്. സ്വതന്ത്രസേനാനി എക്സ്പ്രസ്, ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ എന്നീ ട്രെയിനുകള്‍ വൈകിയെത്തിയതും സ്റ്റേഷനിലെ തിരക്കിന് കാരണമായി. ഇതോടെ 12,13,14 പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണാധീതമായി തിരക്ക് വര്‍ധിക്കുകയായിരുന്നു.
സ്റ്റേഷനില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിരക്കില്‍ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. പരിക്കേറ്റവരെ ഡല്‍ഹിയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി പൊലീസ് സംഭവസ്ഥലത്തുണ്ടെന്നും ഗവര്‍ണര്‍ വി കെ സക്‌സേന എക്‌സിലൂടെ അറിയിച്ചു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടെയും കൂടെയാണ് തന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്.