വ്യവസായ വളര്‍ച്ചയില്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ച് വിവാദത്തില്‍ ; ഒടുവില്‍ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് ശശി തരൂരിന്റെ വിശദീകരണം
വ്യവസായ വളര്‍ച്ചയില്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ചതിനെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗും തള്ളി പറഞ്ഞതോടെ വിശദീകരണവുമായി ശശി തരൂര്‍ എംപി. നിലവില്‍ സിപിഐഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കഴിഞ്ഞകാലങ്ങളില്‍ സാങ്കേതിക വിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്നിരുന്ന സമീപനങ്ങളില്‍ ഒരുമാറ്റം വരുത്തിയിരിക്കുന്നു. അത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് ശശി തരൂര്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ചുകൊണ്ട് കൂടിയാണ് തരൂരിന്റെ വിശദീകരണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വ്യവസായവകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയായിരുന്നു.
'ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു.സിപിഐഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തില്‍ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം', എന്നാണ് തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശം.
വ്യവസായ മേഖലയെ പ്രകീര്‍ത്തിക്കുന്ന തരൂരിന്റെ ലേഖനത്തില്‍ മുസ്ലീം ലീഗ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ലേഖനം യുഡിഎഫ് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ലീഗ് ചൂണ്ടികാട്ടുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കുകയാണ്. ഇതിന് മുമ്പാണ് വിശദീകരിച്ച് തരൂര്‍ രംഗത്തെത്തുന്നത്. ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും നല്ലത് ചെയ്താല്‍ നല്ലത് പറയുമെന്നുമാണ് തരൂര്‍ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞദിവസം പ്രതികരിച്ചത്.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞത്. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ 'ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു.