അമേരിക്കയില്‍ സര്‍ക്കാര്‍ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ; പതിനായിരം ആളുകളെ ജോലിയില്‍ നിന്ന് പുറത്താക്കി ; രണ്ടുലക്ഷത്തോളം പേരെ പിരിച്ചുവിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

അമേരിക്കയില്‍ സര്‍ക്കാര്‍ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ; പതിനായിരം ആളുകളെ ജോലിയില്‍ നിന്ന് പുറത്താക്കി ; രണ്ടുലക്ഷത്തോളം പേരെ പിരിച്ചുവിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
അമേരിക്കയില്‍ സര്‍ക്കാര്‍ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയില്‍ നിന്ന് പുറത്താക്കിയുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നവരില്‍ ഏറെയും. പിരിച്ചുവിടലിന്റെ ആദ്യഘട്ടം മാത്രമാണിത്. രണ്ട് ലക്ഷത്തോളം ആളുകളെയാണ് പുറത്താക്കല്‍ നടപടി ലക്ഷ്യംവെയ്ക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ ആഭ്യന്തര വകുപ്പിന് കീഴില്‍ പൊതുസ്ഥലങ്ങളുടെ പരിപാലനം, നാഷണല്‍ പാര്‍ക്കുകളുടെ നിയന്ത്രണം, ഗ്യാസ് ലീസിങ് പ്രോഗ്രാമുകള്‍ തുടങ്ങിയ മേഖലയില്‍ തൊഴിലെടുത്തിരുന്ന 2,300 ആളുകളെയാണ് വെള്ളിയാഴ്ച ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ടത്. പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. മൈക്രോസോഫ്റ്റ് ടീമിന്റെ ഗ്രൂപ്പ് കോളുകളിലൂടെയും മുന്‍കൂട്ടി തയ്യാറാക്കിയ മെസേജുകള്‍ വഴിയുമാണ് പുറത്താക്കി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള സാധനസാമഗ്രികള്‍ പായ്ക്കുചെയ്ത് 30 മിനിറ്റിനുള്ളില്‍ ഓഫീസ് വിടണമെന്നായിരുന്നു അറിയിപ്പ്. ജീവനക്കാരോടുള്ള നീതി നിഷേധമാണിതെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് മേധാവി എവററ്റ് കെല്ലി പറഞ്ഞു. തൊഴിലാളികള്‍ക്ക് ന്യായമായും ലഭിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും നിഷേധിക്കപ്പെട്ടു. മുന്‍കൂട്ടിയുള്ള യാതൊരു അറിയിപ്പും നല്‍കിയില്ല. നിയമം അനുശാസിക്കുന്ന ഒരു നടപടിയും സ്വീകരിക്കാതെയാണ് ജീവനക്കാരെ കൂട്ടമായി പുറത്താക്കിയതെന്നും എവററ്റ് കെല്ലി ആരോപിച്ചു.

സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഗവണ്‍മെന്റ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്

Other News in this category



4malayalees Recommends