ജിദ്ദയില്‍ അത്യാധുനിക സൗകര്യത്തോടെയുള്ള വാട്ടര്‍ ടാക്‌സി വരുന്നു
സൗദി അറേബ്യയിലെ ജിദ്ദയില്‍ അത്യാധുനിക സൗകര്യത്തോടെയുള്ള വാട്ടര്‍ ടാക്‌സി സംവിധാനത്തിന്റെ പരിക്ഷണ ഓട്ടം നടന്നു. കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഉപ മന്ത്രി ഡോ.റുമൈയ അല്‍ റുമൈയയുടെ സാന്നിധ്യത്തില്‍ ജിദ്ദ മേയര്‍ സലി അല്‍ തുര്‍ക്കിയാണ് വാട്ടര്‍ ടാക്‌സി പദ്ധതി ഉദ്ഘാടനം ചെയ്തത്.
ആദ്യ ഘട്ടത്തില്‍ ജിദ്ദ യാച്ച് ക്ലബ്, അല്‍ ബലാദ് ഏരിയ, ഒബുര്‍ എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് വാട്ടര്‍ ടാക്‌സി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഷാം ഒബുര്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കും. ജിദ്ദയിലെ മറ്റ് ഇടങ്ങളിലേക്കും വാട്ടര്‍ ടാക്‌സി പദ്ധതി വികസിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി മേയര്‍ നടപ്പാക്കുന്ന ഒരു വലിയ പൊതുഗതാഗത ശ്യംഖലയുടെ ഭാഗമായാണ് വാട്ടര്‍ ടാക്‌സി സംവിധാനം കൊണ്ടുവന്നത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിച്ചതെന്ന് അല്‍ തുര്‍ക്കി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ രണ്ട് ബോട്ടുകളായിരിക്കും സര്‍വീസ് നടത്തുന്നത്. ഒന്നില്‍ 94 യാത്രക്കാര്‍ക്കും മറ്റൊരു ബോട്ടില്‍ 55 യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയും. കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റമദാന്‍ മാസത്തില്‍ ദിവസേന വൈകിട്ട് 3.30 മുതല്‍ 1.30 വരെയായിരിക്കും വാട്ടര്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുന്നത്. 25 മുതല്‍ 50 റിയാല്‍ വരെയായിരിക്കും ഫീസ് ഈടാക്കുന്നത്. കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും.