ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായി, വീണ്ടും വിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം

ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായി, വീണ്ടും വിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം
പാലായില്‍ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ കൂടുതല്‍ പരാതികള്‍. പി സി ജോര്‍ജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗിന് പുറമെ ദിശ സംഘടന അംഗങ്ങളും പൊലീസില്‍ പരാതി.

ഓണ്‍ലൈന്‍ മുഖേന സംഘടന അംഗം ദിനു വെയില്‍ പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞമാസം 28-നാണ് പി സി ജോര്‍ജിന് ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. സമാനമായ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നല്‍കിയിരുന്നു. വീണ്ടും കുറ്റകൃത്യം ആവര്‍ത്തിക്കുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്.

ഇത് തുടരുന്നതിനാല്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഉയരുന്ന ആവശ്യം. പൊലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ തീരുമാനം. പി സി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു. പരാമര്‍ശത്തില്‍ പറഞ്ഞിരിക്കുന്ന കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്നും ശക്തമായ നിയമനടപടി വേണമെന്നും ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന. ക്രിസ്ത്യാനികള്‍ അവരുടെ പെണ്‍മക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Other News in this category



4malayalees Recommends