ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദിക്ഷ കൊണങ്കി മരിച്ചതായി പ്രഖ്യാപിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം പൊലീസിന് കത്തയച്ചുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ പൗരയും അമേരിക്കയില്‍ സ്ഥിര താമസക്കാരിയുമായ 20 കാരിയായ സുദീക്ഷ കൊണങ്കിയെ അവസാനമായി മാര്‍ച്ച് 6ന് അവസാനമായി കണ്ടത് പുണ്ട കാന പട്ടണത്തിലെ റിയു റിപ്പബ്ലിക് റിസോര്‍ട്ടിലാണ്. തിരോധാനവുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറല്‍ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ അന്വേഷണം തുടരുന്നതിനിടെയാണ് കുടുംബം മരണം സ്ഥിരീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.
നേരത്തെ, സുദീക്ഷ കൊണങ്കിയുടേതെന്ന് കരുതുന്ന വസ്ത്രം കടല്‍തീരത്തുനിന്ന് കണ്ടെത്തിയിരുന്നു. വെളുത്ത നെറ്റഡ് സരോങ്ങും ബീജ് നിറത്തിലുള്ള ഫ്‌ലിപ്പ്-ഫ്‌ലോപ്പുകളുമാണ് ലോഞ്ച് ചെയറില്‍ നിന്ന് കണ്ടെത്തിയത്. വസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതായും അലങ്കോലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സുദീക്ഷ ബിക്കിനി ധരിച്ച് കടലിലിറങ്ങും മുമ്പ് വസ്ത്രങ്ങള്‍ കസേരയില്‍ വെച്ചതാകാമെന്നുമാണ് നിഗമനം.
പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് സുദീക്ഷ. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദസഞ്ചാരത്തിനാണ് ഇവര്‍ കടപ്പുറത്ത് എത്തിയത്. അവര്‍ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ പിന്നീട് ഹോട്ടലിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സീനിയറായ 22 വയസുകാരന്‍ റഷ്യന്‍ പൗരനായ ജോഷ്വ റീബിനൊപ്പമാണ് ഇവരെ അവസാനമായി കണ്ടത്. റീബന്റെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.
അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു സുദീക്ഷ എത്തിയത്.നേരത്തെ വിപുലമായ തിരച്ചില്‍ നടത്തിയിട്ടും, അവളുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കാണാതാകുമ്പോള്‍ അവര്‍ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതല്‍ യുഎസില്‍ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം.
അതേസമയം, സുദീക്ഷയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സമ്മതിച്ചാണ് കുടുംബം പൊലീസിന് കത്ത് നല്‍കിയിരിക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസ് അന്വേഷണത്തില്‍ വിശ്വാസമുണ്ട്. യുവതിയെ ജീവനോടെ കണ്ട അവസാന വ്യക്തിയായ റീബ് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ട്. തങ്ങളുടെ അഭ്യര്‍ത്ഥനയ്ക്ക് ചില നിയമ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് അറിയാം, എന്നാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യാനും, രേഖകള്‍ നല്‍കാനും തയ്യാറാണെന്നും മാതാപിതാക്കള്‍ അതേ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.