ഓസ്‌ട്രേലിയയില്‍ നിന്ന് ആറര ബില്യണ്‍ ഡോളറിന്റെ സൈനിക റഡാര്‍ വാങ്ങുമെന്ന് കാനഡ. കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.
പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കനേഡിയന്‍ പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയയുടെ എക്കാലത്തേയും വലിയ പ്രതിരോധ കയറ്റുമതി കരാറാകും ഇത്. അമേരിക്കയുമായുള്ള അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെയാണ് ഓസ്‌ട്രേലിയയില്‍ നിന്ന് റഡാര്‍ വാങ്ങാന്‍ കാനഡ തീരുമാനിച്ചിരിക്കുന്നത്. അതി വിശാലമായ പരിധിയിലുള്ള ഓവര്‍ ദി ഹൊറൈസണ്‍ റഡാറുകളാകും ഇവ. ലോകത്തെ മുന്‍നിര സാങ്കേതിക വിദ്യയാണിതെന്ന് ആന്റണി ആല്‍ബനീസ് വ്യക്തമാക്കി.