സുനിത വില്യംസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദിയുടെ കത്ത് സുനിത വില്യംസ് ചവറ്റുകുട്ടയില്‍ എറിയാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതിനുള്ള കാരണമായി കോണ്‍ഗ്രസ് ഉന്നയിക്കുന്നത് ഗുജറാത്ത് മന്ത്രിയായിരുന്ന, സുനിത വില്യംസിന്റെ ബന്ധുവുമായ ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകമാണ്.
സുനിത വില്യംസിന് മോദി കത്തെഴുതിയിരിക്കുന്നുവെന്നും അവരത് ചവറ്റുകുട്ടയില്‍ ഇടാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് കേരള ഘടകം എക്സിലൂടെ തുറന്നടിച്ചു. 'സുനിത, ഹരേണ്‍ പാണ്ഡ്യയുടെ ബന്ധുവാണ്. മോദിയെ വെല്ലുവിളിച്ച ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു ഹരേണ്‍ പാണ്ഡ്യ. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് രഹസ്യമൊഴി നല്‍കിയ ഹരേണ്‍ പാണ്ഡ്യ ഇതിന് പിന്നാലെ പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ടു. പാണ്ഡ്യയുടെ കൊലപാതകത്തെ തുടര്‍ന്ന് നിരവധി കൊലപാതക പരമ്പരകള്‍ നടന്നു. അത് ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അവസാനിച്ചു'വെന്നും കോണ്‍ഗ്രസ് കേരള ഘടകം ചൂണ്ടിക്കാട്ടി. 2007 ല്‍ ഏറ്റവും പ്രശസ്തയായ പ്രവാസി ഗുജറാത്തി ആയിരുന്നിട്ടും മോദി അവരെ അവഗണിച്ചു. ഇപ്പോള്‍ താന്‍ കരുതലുള്ളവനാണെന്ന് ലോകത്തിന് മുന്നില്‍ കാണിക്കാനാണ് മോദിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് കേരള യൂണിറ്റ് എക്സിലൂടെ പറഞ്ഞു. സുനിതയെക്കുറിച്ച് ടെലിഗ്രാഫില്‍ വന്ന ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് കേരള യൂണിറ്റ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
മാര്‍ച്ച് ഒന്നിനായിരുന്നു മോദി സുനിത വില്യംസിന് കത്തയച്ചത്. തിരിച്ചെത്തിയ ശേഷം സുനിതയെ ഇന്ത്യയില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മോദി കത്തില്‍ പറഞ്ഞത്. 2016 ല്‍ അമേരിക്ക സന്ദര്‍ശിച്ച ഘട്ടത്തില്‍ സുനിതയെ കണ്ടുമുട്ടിയത് സ്നേഹപൂര്‍വം ഓര്‍ക്കുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ബൈഡനേയും പ്രഡിസന്റ് ഡൊണാള്‍ഡ് ട്രംപിനേയും കണ്ടുമുട്ടിയപ്പോള്‍ സുനിതയുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും മോദി കത്തില്‍ പറഞ്ഞിരുന്നു.