അമേരിക്കയില്‍ ഗവേഷകനായ ഇന്ത്യക്കാരനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയ ബദര്‍ ഖാന്‍ സുരിയെയാണ് വിര്‍ജീനിയയിലെ വീടിന് മുന്നില്‍ നിന്ന് മാസ്‌ക് ധരിച്ച ഉദ്യോഗസ്ഥര്‍ പിടികൂടി കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രിയായിരുന്നു നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബദര്‍ ഖാന്‍ സുരിയെ നാടുകടത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍, തങ്ങള്‍ ഹോം ലാന്റ് സെക്യൂരിറ്റി വകുപ്പില്‍ നിന്ന് എത്തിയതാണെന്നും സര്‍ക്കാര്‍ താങ്കളുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. ബദര്‍ ഖാന്‍ സുരി ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ഒരാളുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
'ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് കീഴില്‍ പഠിക്കുന്ന സുരി, സജീവമായി ഹമാസ് ആശയങ്ങളും ജൂത വിരോധവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതായി' ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു. 'ഹമാസിന്റെ മുതിര്‍ന്ന ഉപദേശകന്‍ കൂടിയായ തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ഒരാളുമായി സുരിക്ക് ബന്ധമുണ്ടെന്നും. ഈ കാരണത്താല്‍ അദ്ദേഹത്തെ നിയമപരമായി നാടുകടത്താന്‍ സാധിക്കുമെന്നും' അവര്‍ പറഞ്ഞു.