എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ നഴ്‌സുമാരുടെ ലഭ്യതയില്‍ പ്രതിസന്ധിയില്ലെന്ന തരത്തിലായിരുന്നു ഏതാനും നാളായി ഗവണ്‍മെന്റ് നിലപാട് സ്വീകരിച്ചിരുന്നത്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഇതിന് വിപരീതമായ മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും വ്യക്തമായ മറുപടി നല്‍കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടും തയ്യാറായിരുന്നില്ല. ഇതിന് പിന്നിലെ കാരണമാണ് ഇപ്പോള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കുകള്‍ തന്നെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് എന്‍എച്ച്എസ് ആശുപത്രികളിലും ആവശ്യമുള്ള തോതില്‍ ഷിഫ്റ്റുകളില്‍ നഴ്‌സുമാരെ ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് വിവരാവകാശ നിയമങ്ങള്‍ പ്രകാരം പുറത്തുവന്നത്. ആശുപത്രികളില്‍ ഓരോ ഷിഫ്റ്റിലും കയറേണ്ട നഴ്‌സുമാരുടെ എണ്ണവും, യഥാര്‍ത്ഥത്തില്‍ ലഭ്യമായ നഴ്‌സുമാരുടെ എണ്ണവുമാണ് ഈ കണക്കുകളിലുള്ളത്. 250-ഓളം ആശുപത്രികളിലെ വിവരങ്ങള്‍ ഇംഗ്ലണ്ടില്‍ ഉടനീളമുള്ള യഥാര്‍ത്ഥ വസ്തുത പുറത്തെത്തിക്കാന്‍ സഹായിക്കുന്നതാണ്.
പത്ത് മാസത്തോളമായി ചാനല്‍ 4 ന്യൂസ് ഈ രേഖയ്ക്കായി നടത്തിയ പോരാട്ടം വിജയം കണ്ടതോടെയാണ് നഴ്‌സുമാരുടെ അഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധി വ്യക്തമായത്. ഇംഗ്ലണ്ടിലെ അക്യൂട്ട് ഹോസ്പിറ്റലുകളില്‍ ഏകദേശം 31 ശതമാനം സ്ഥാപനങ്ങളും ഓരോ വാര്‍ഡിലും ആവശ്യമായ നഴ്‌സുമാരേക്കാള്‍ പത്ത് ശതമാനം ജീവനക്കാരുമായാണ് പ്രവര്‍ത്തിക്കുന്നത്.
നിയോനേറ്റല്‍ വിഭാഗത്തിലും സ്ഥിതി രൂക്ഷമാണ്. 30 ശതമാനം യൂണിറ്റുകളിലാണ് 20 ശതമാനത്തോളം നഴ്‌സുമാരുടെ കുറവ് ഓരോ ഷിഫ്റ്റിലും ഉള്ളത്. ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡുകളില്‍ 18 ശതമാനത്തിലും ഈ തോതില്‍ തന്നെ നഴ്‌സുമാരുടെ ലഭ്യതക്കുറവ് നേരിടുന്നു. 55 ശതമാനം മറ്റേണിറ്റി സേവനങ്ങളില്‍ 10 ശതമാനം നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും കുറവുണ്ടെന്നും എന്‍എച്ച്എസ് രേഖകള്‍ വ്യക്തമാക്കുന്നു.
ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് മരുന്നും, ഭക്ഷണവും ഉള്‍പ്പെടെ അടിസ്ഥാന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് രോഗികളെ അനാവശ്യ പ്രശ്‌നങ്ങളിലേക്കും, മരണങ്ങളിലേക്കും തള്ളിവിടുകയാണ്. ആറ് വര്‍ഷമായി ഇത് സംബന്ധിച്ച കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. രജിസ്റ്റേഡ് നഴ്‌സുമാരുടെ കുറവ് മൂലം എന്‍എച്ച്എസില്‍ ആറ് ലക്ഷത്തിലേറെ രോഗികള്‍ മരണത്തെ നേരിടുന്നുവെന്ന് സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി പഠനവും മുന്നറിയിപ്പ് നല്‍കിയിരുന്നു.