ലോകത്തില്‍ വെച്ച് സന്തോഷമുള്ള ടോപ്പ് 10 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഓസ്‌ട്രേലിയ പുറത്തായി. ഏറ്റവും പുതിയ ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഓസ്‌ട്രേലിയ 11-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ന്യൂസിലാന്‍ഡ് 12-ാം സ്ഥാനത്തുണ്ട്. ഇസ്രയേല്‍, മെക്‌സിക്കോ, ചില നോര്‍ഡിക് രാജ്യങ്ങള്‍ എന്നിവര്‍ ഓസ്‌ട്രേലിയയിലെ 'സന്തോഷത്തിന്റെ' കാര്യത്തില്‍ കടത്തിവെട്ടി.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഇക്കുറിയും ഫിന്‍ലാന്‍ഡ് ഇടംപിടിച്ചു. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഈ നേട്ടം. റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയ രാജ്യങ്ങള്‍ ഇവരാണ്:
1) ഫിന്‍ലാന്‍ഡ്
2) ഡെന്‍മാര്‍ക്ക്
3) ഐസ്‌ലാന്‍ഡ്
4) സ്വീഡന്‍
5) നെതര്‍ലാന്‍ഡ്‌സ്
6) കോസ്റ്റാ റിക്ക
7) നോര്‍വെ
8) ഇസ്രയേല്‍
9) ലക്‌സംബര്‍ഗ്
10) മെക്‌സിക്കോ
ഹമാസുമായി നിരന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഇസ്രയേലില്‍ സന്തോഷത്തിന് കുറവില്ലെന്ന് റാങ്കിംഗ് തെളിയിക്കുന്നു. കോസ്റ്റാ റിക്കയും, മെക്‌സിക്കോയും ആദ്യമായാണ് ടോപ്പ് പത്തില്‍ എത്തുന്നത്. കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഓസ്‌ട്രേലിയ ആദ്യ പത്തില്‍ എത്തിയിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡും ആദ്യ പത്തില്‍ നിന്നും പുറത്തായി.
അഫ്ഗാനിസ്ഥാനാണ് ലോകത്തില്‍ ഏറ്റവും സന്തോഷം 'ഇല്ലാത്ത' രാജ്യം. താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്ന രാജ്യത്ത് ജനജീവിതം ദുസ്സഹമാണ്. വെസ്‌റ്റേണ്‍ ആഫ്രിക്കയിലെ സിയേറ ലിയോണ്‍ സന്തോഷമില്ലായ്മയില്‍ രണ്ടാമതും, ലെബനണ്‍ മൂന്നാമതുമാണ്.