രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശ യാത്രകള്‍; ചെലവ് 258 കോടി; യുഎസ് സന്ദര്‍ശനത്തിന് മാത്രം 38 കോടി

രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശ യാത്രകള്‍; ചെലവ് 258 കോടി; യുഎസ് സന്ദര്‍ശനത്തിന് മാത്രം 38 കോടി
രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവായത് 258 കോടി രൂപ. 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയ സന്ദര്‍ശനത്തിനായാണ് ഇത്രയധികം രൂപ ചെലവഴിച്ചത്. 2023 ജൂണില്‍ പ്രധാനമന്ത്രി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു ഏറ്റവും ചെലവേറിയത്. ഇതിന് മാത്രമായി 22 കോടിയിലധികം രൂപയാണ് ചെലവായത്. വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രയുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് രാജ്യസഭയില്‍ ആരാഞ്ഞത്. ഹോട്ടല്‍ താമസം, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ ഓരോ സന്ദര്‍ശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ഖര്‍ഗെ ആവശ്യപ്പെട്ടു.

2023 ജൂണില്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് 22,89,68,509 ചെലവായി. 2024 സെപ്റ്റംബറിലെ യുഎസ് സന്ദര്‍ശനത്തിന് ചെലവായത് 15,33,76,348 രൂപയാണെന്നും പബിത്ര മാര്‍ഗരിറ്റ നല്‍കിയ മറുപടിയില്‍ പറയുന്നു. 2022 മെയ് മാസത്തിലെ ജര്‍മനി സന്ദര്‍ശനം, 2024 ഡിസംബറിലെ കുവൈറ്റ് സന്ദര്‍ശനം എന്നിവയുള്‍പ്പെടെയുളള 38 സന്ദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡാറ്റ പട്ടികപ്പെടുത്തിയിരിക്കുന്നത്.

ഡാറ്റ പ്രകാരം, 2023 മെയ് മാസത്തില്‍ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപയും, 2022 മെയ് മാസത്തില്‍ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപയും ചെലവായി. 2022-ല്‍ ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. 2023-ല്‍ ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങള്‍ നരേന്ദ്ര മോദി സന്ദര്‍ശിച്ചു.

2024-ല്‍ പോളണ്ട് സന്ദര്‍ശനത്തിന് 10,10,18,686 രൂപ. യുക്രയ്ന്‍ സന്ദര്‍ശനത്തിന് 2,52,01,169 രൂപ. ഇറ്റലി സന്ദര്‍ശനത്തിന് 14,36,55,289 രൂപ. ബ്രസീല്‍ സന്ദര്‍ശനത്തിന് 5,51,86,592 രൂപ. ഗയാന സന്ദര്‍ശനത്തിന് 5,45,91,495 രൂപ എന്നിങ്ങനെയാണ് കണക്കുകള്‍.

Other News in this category



4malayalees Recommends