കാറിന്റെ ബൂട്ടില്‍ നിന്ന് ഡല്‍ഹി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഈസ്റ്റ് ലണ്ടന്‍ പൊലീസ്. 24 കാരിയായ ഹര്‍ഷിത ബ്രെല്ലയുടെ മരണത്തില്‍ ഭര്‍ത്താവ് പങ്കജ് ലാംബ ആണ് പ്രതി. കൊലപാതകത്തിനൊപ്പം ബലാത്സംഗം, ലൈംഗീക അതിക്രമം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നവംബര്‍ 15ന് ലെസ്റ്റര്‍ റോയല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് ഭര്‍ത്താവിനെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചത്.
പ്രതി ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തിയതായുള്ള സംശയത്തെ തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി. കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗത്തിന് ഇരയായതായി യുകെയില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹര്‍ഷിത ബ്രെല്ലയുടെ സഹോദരി വെളിപ്പെടുത്തി.
മൃതദേഹം കണ്ടെത്തുന്നതിന് നാലു ദിവസം മുമ്പ് നവംബര്‍ 10നാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയിലാക്കി ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡിലേക്ക് കൊണ്ടുവരികയായിരുന്നു.
ലാംബയുമായുള്ള വിവാഹ ശേഷം കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഹര്‍ഷിത ബ്രെല്ല യുകെയിലെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കാണാതായ ഭര്‍ത്താവിനായി അന്വേഷണം തുടരുകയാണ്. മകളുടെ കൊലപാതകിയ്ക്ക് പരമാവധിശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.
2023 ആഗസ്തിലായിരുന്നു ഇവരുടെ വിവാഹം. പങ്കജ് ലാംബ സ്റ്റുഡന്റ് വിസയിലാണ് യുകെയിലെത്തിയത്. ആശ്രിത വിസയിലെത്തിയ ഹര്‍ഷിത ബ്രെല്ല ഒരു വെയര്‍ഹൗസില്‍ ജോലി ചെയ്യുകയായിരുന്നു.