തെക്കന്‍ ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സേന. ഒക്ടോബര്‍ 7ലെ ആക്രമണത്തിനു നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചയാണ് ഒസാമ തബാഷ്. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവന്‍ കൂടിയാണ് തബാഷ്. അതേസമയം ഇസ്രയേല്‍ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
'ഖാന്‍ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ ഒട്ടേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ തബാഷ് വഹിച്ചിരുന്നു. തെക്കന്‍ ഗാസയില്‍ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രദേശത്തെ നീക്കങ്ങള്‍ക്ക് തബാഷ് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു'' - എന്നും ഐഡിഎഫിന്റെ (ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ്) എക്സ് പോസ്റ്റില്‍ പറയുന്നു.
യുദ്ധസമയത്ത് തബാഷിന്റെ യൂണിറ്റ് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുകയും ഗാസയിലെ ഇസ്രയേലി സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കുകയും സേനയ്ക്കെതിരെ ആക്രമണം നടത്തുകയും ചെയ്തുവെന്ന് ഐഡിഎഫ് കുറിപ്പില്‍ പറയുന്നു. ഹമാസിന്റെ രഹസ്യാന്വേഷണ ശ്രമങ്ങള്‍ക്കും മേഖലയിലെ ഇസ്രയേല്‍ സേനയെ ലക്ഷ്യമിടാനുള്ള നീക്കങ്ങള്‍ക്കും തബാഷിന്റെ കൊലപാതകം വലിയ തിരിച്ചടിയാണെന്ന് ഐഡിഎഫ് പറഞ്ഞു.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. കൂടുതല്‍ വ്യോമാക്രമണം ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് മുന്നറിയിപ്പ് നല്‍കി.