താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് അനാസ്ഥയുണ്ടായെന്ന് യുവതിയുടെ പിതാവ്. വിഷയത്തില്‍ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ തന്റെ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭര്‍ത്താവ് യാസിറിന്റെ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് മകള്‍ പറഞ്ഞിരുന്നു. കുഞ്ഞുള്ളത് കൊണ്ട് അവിടെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അതോടെ മകളെ വീട്ടിലേക്ക് കൂട്ടി. വിഷയത്തില്‍ പള്ളിക്കമ്മറ്റി ഇടപെട്ടു. എന്നാല്‍ യാസിറിന്റെ പിതാവ് പള്ളിക്കമ്മറ്റി പറഞ്ഞപ്പോള്‍ വരാന്‍ തയ്യാറായില്ല. യാസിര്‍ പലതവണ വീട്ടില്‍ മദ്യപിച്ച് വന്നു. നന്നാകുമെന്നാണ് ഷിബില പ്രതീക്ഷിച്ചിരുന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 28-ാം തീയതി താമരശ്ശേരി സ്റ്റേഷനില്‍ വിശദമായ പരാതി നല്‍കി. യാസിര്‍ സ്റ്റേഷനില്‍ വെച്ച് പൊലീസിനോട് കയര്‍ത്ത് സംസാരിച്ചു. കൊലയ്ക്ക് ഉത്തരവാദി യാസിറിന്റെ ഉമ്മയും ഉപ്പയുമാണെന്നും പിതാവ് ആരോപിച്ചു.
സംഭവ ശേഷം യാസിര്‍ മെഡിക്കല്‍ കോളേജില്‍ വന്നത് താന്‍ മരിച്ചോ എന്നറിയാനാണ്. തന്നെയും യാസിര്‍ കൊല്ലും. വിഷയത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
ശാരീരികമായി ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്ന രീതിയാണ് യാസിറിന്. നാല് ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തു. ആര്‍ഭാട ജീവിതം നയിച്ചു. സ്വര്‍ണം പണയം വെച്ചു. മോളുടെ പിറന്നാള്‍ ആഘോഷിച്ചതിനാണ് വസ്ത്രം എടുത്ത് കത്തിച്ചത്. നല്ല നിലക്ക് പിരിയാം എന്ന് പറഞ്ഞാണ് അന്നത്തെ ദിവസം യാസിര്‍ വന്നത്. വന്നപ്പോള്‍ നല്ല സ്‌നേഹത്തിലായിരുന്നു. രണ്ട് കത്തി കൊണ്ടാണ് മകളെ കുത്തിയത്. നോമ്പ് തുറന്ന സമയത്തായിരുന്നു സംഭവം. പുറത്തിറങ്ങിയാല്‍ യാസിര്‍ എല്ലാവരെയും കൊല്ലും. പ്രതിക്ക് നല്ല ശിക്ഷ കൊടുക്കണം. അറബി നാടുകളിലെ ശിക്ഷ വേണമെന്നും ഷിബിലയുടെ പിതാവ് ആവശ്യപ്പെട്ടു.