റാസല്‍ഖൈമയില്‍ 51 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തതായി റാസല്‍ഖൈമ പോലീസ് അറിയിച്ചു. ഭിക്ഷാടനത്തിനെതിരെ പോരാടുക, അര്‍ഹതപ്പെട്ടവരെ സഹായിക്കുക' എന്ന കാമ്പയിനിന്റെ ഭാഗമായാണ് അറസ്റ്റ്. മീഡിയ പബ്ലിക് റിലേഷന്‍സ് വിഭാഗവും ക്രമിനല്‍ അന്വേഷണ വിഭാഗവും സംയുക്തമായാണ് കാമ്പയിന്‍ നടത്തിവരുന്നത്. റമദാന്റെ ആദ്യം മുതല്‍ തന്നെ ഭിക്ഷാടനവുമായി ബന്ധപ്പെട്ട് 34 പുരുഷന്മാരെയും 17 സ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
റമദാന്‍ മാസത്തില്‍ ദാന കര്‍മങ്ങള്‍ നടത്തപ്പെടുന്നതിനാല്‍ ജനങ്ങളുടെ സഹാനുഭൂതി കൈമുതലാക്കി പണം സമ്പാദിക്കാന്‍ ലക്ഷ്യമിട്ട് ഭിക്ഷാടനത്തിന് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ടുതന്നെ സംഭാവനകള്‍ ഓദ്യോഗിക ചാനലുകള്‍ വഴിയോ അംഗീകൃത സ്ഥാപനങ്ങള്‍ വഴിയോ മാത്രം നടത്തണമെന്ന് താമസക്കരോടും പൗരന്മാരോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് യാചനാവിരുദ്ധ കാമ്പയിന്‍ വിജയകരമായി മുന്നോട്ട് പോകുകയാണ്. ഭിക്ഷാടനം പോലുള്ള അനധികൃത പ്രവൃത്തികള്‍ തടയാനായി പള്ളികളുടെയും മറ്റും ഭാഗങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് റാസല്‍ഖൈമ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.