നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും ശാരദാ മുരളീധരന്‍ ചോദിച്ചു. ഫേസ്ബുക്കിലാണ് വൈകാരികമായി ശാരദാ മുരളീധരന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'നാലുവയസ്സുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. കറുപ്പില്‍ സൗന്ദര്യമോ ഗുണമോ കാണാന്‍ എനിക്കു മടിയായി. വെളുത്ത ചര്‍മം വിസ്മയമായി. ഫെയര്‍ എന്ന തോന്നലുള്ള എന്തിനോടും, അതെല്ലാം നല്ലതും പൂര്‍ണഗുണങ്ങളാല്‍ സുന്ദരവുമായി തോന്നി. ഇതൊന്നുമല്ലാത്ത ഞാന്‍ താണതരത്തില്‍പെട്ട, മറ്റേതെങ്കിലും വിധത്തില്‍ അതിനു പരിഹാരം കാണേണ്ട ഒരാളെന്ന ബോധം ഉറയ്ക്കുകയായിരുന്നു. ഇതിനൊരു അവസാനമുണ്ടാക്കിയത് എന്റെ മക്കളാണ്. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അതിസുന്ദരമാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു.'