തല ബസിന്റെ ജനാലയോട് ചേര്‍ത്തു ചവിട്ടി, യുകെയില്‍ വയനാട് സ്വദേശിയായ യുവാവിനെ പിന്തുടര്‍ന്ന് മര്‍ദ്ദനം ; അക്രമി പിടിയില്‍

തല ബസിന്റെ ജനാലയോട് ചേര്‍ത്തു ചവിട്ടി, യുകെയില്‍ വയനാട് സ്വദേശിയായ യുവാവിനെ പിന്തുടര്‍ന്ന് മര്‍ദ്ദനം ; അക്രമി പിടിയില്‍
യുകെയിലെ പ്ലീമത്തില്‍ ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30നായിരുന്നു ആക്രമണം. താമസ സ്ഥലത്തു നിന്നും 20 മിനിറ്റ് ദൂരത്തിലെ ആശുപത്രിയിലേക്ക് രാത്രി 10 മുതല്‍ ആരംഭിക്കുന്ന ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസില്‍ കയറും മുമ്പേ യുവാവിനെ പിന്തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രക്കിടയിലാണ് അക്രമം നടത്തിയത്.

യുവാവിനെ ആക്രമിക്കുന്നതിന് മുമ്പ് ബസില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്ത ശേഷം മലയാളി യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും എയര്‍പോടും ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ ഗുരുതരമായി ആക്രമിച്ചു. യുവാവിന്റെ തല ബസിനോട് ചേര്‍ത്തുവച്ച് ചവിട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് യുവാവിന് മുറിവേല്‍ക്കുകയും ഗ്ലാസ് സഹിതം ബസിന്റെ ജനാല തകരുകയും ചെയ്തു. ബസ് നിര്‍ത്തിയതും അക്രമകാരി ഓടി രക്ഷപ്പെട്ടു. ബസ് ഡ്രൈവര്‍ ആവശ്യപ്പെട്ടതോടെ പൊലീസ് എത്തുകയും യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അക്രമിയെ രാത്രിയോടെ പൊലീസ് പിടികൂടി. പ്രദേശവാസിയായ ഇയാള്‍ അക്രമ കേസുകളില്‍ അകപ്പെട്ടയാളാണ്. ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. യൂവാവ് നിലവില്‍ പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയിലാണ്. തലയ്ക്ക് സിടി സ്‌കാന്‍ ഉള്‍പ്പെടെ പരിശോധന നടത്തി.

ബസിന് നാലായിരം പൗണ്ടിന്റെ നാശ നഷ്ടമുണ്ടായി. യുവാവിന്റെ ഫോണിനും എയര്‍പോടിനും കേടുപാടുണ്ടായി. യുവാവില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു.

ഒരു വര്‍ഷം മുമ്പ് യുകെയിലെത്തിയ യുവാവിന് സുഹൃത്തുക്കളും പ്ലിമത്തിലെ മലയാളി സമൂഹവും സഹായത്തിനുണ്ട്. ആക്രമണം മലയാളി സമൂഹത്തിന് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

Other News in this category



4malayalees Recommends