ലോകം മാറിപ്പോയി, അതാണ് പറ്റിയത്! സമ്പദ് വ്യവസ്ഥയുടെ ദുരവസ്ഥയില്‍ ന്യായീകരണവുമായി ചാന്‍സലറുടെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ്; ഔദ്യോഗിക ബജറ്റിലെ പിഴവെന്ന് വിമര്‍ശകര്‍; വളര്‍ച്ച വെട്ടിക്കുറച്ച് ഒബിആര്‍ പ്രവചനം

ലോകം മാറിപ്പോയി, അതാണ് പറ്റിയത്! സമ്പദ് വ്യവസ്ഥയുടെ ദുരവസ്ഥയില്‍ ന്യായീകരണവുമായി ചാന്‍സലറുടെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ്; ഔദ്യോഗിക ബജറ്റിലെ പിഴവെന്ന് വിമര്‍ശകര്‍; വളര്‍ച്ച വെട്ടിക്കുറച്ച് ഒബിആര്‍ പ്രവചനം
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ദുരന്തത്തില്‍ നിന്നും പിടിച്ചുനിര്‍ത്താന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ രക്ഷാപ്രവര്‍ത്തനത്തിന് വേദിയായി സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ്. കഴിഞ്ഞ ഒക്ടോബറിലെ ഔദ്യോഗിക ബജറ്റിന് ശേഷം ലോകം മാറിപ്പോയെന്ന് റീവ്‌സ് കേമണ്‍സില്‍ എംപിമാരോട് പറഞ്ഞു. ഇതാണ് പുതിയ വെട്ടിച്ചുരുക്കലുകള്‍ക്ക് കാരണമായതെന്നാണ് ഇവര്‍ ന്യായീകരണം ഉന്നയിക്കുന്നത്.

എന്നാല്‍ ജൂലൈ മാസത്തില്‍ ട്രഷറിയുടെ ചുമതലയില്‍ എത്തിയ ശേഷം റീവ്‌സ് കൈക്കൊണ്ട നടപടികളുടെ നേര്‍ഫലമാണ് ഇതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. യുകെ വളര്‍ച്ച 2025-ല്‍ 1 ശതമാനത്തിലേക്ക് താഴുമെന്ന ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനം റീവ്‌സിന് തന്നെ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ തന്നെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി.

2025-26 വര്‍ഷത്തെ 36.1 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി ബജറ്റില്‍ നിന്നും 2026-27 വര്‍ഷത്തില്‍ 13.4 ബില്ല്യണ്‍ പൗണ്ടിലേക്കും, 2027-28 വര്‍ഷത്തില്‍ 6 ബില്ല്യണ്‍ സര്‍പ്ലസിലേക്കും എത്തിച്ചേരുമെന്നാണ് റീവ്‌സിന്റെ വിശദീകരണം. 2029-30 കാലത്ത് ഇത് 9.9 ബില്ല്യണ്‍ പൗണ്ടായി വര്‍ദ്ധിക്കുമെന്നും ചാന്‍സലര്‍ പറഞ്ഞു.

ഒബിആര്‍ കണക്കുകൂട്ടലുകള്‍ ഹൃസ്വകാല സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ആയതിനാല്‍ തന്റെ നടപടികള്‍ ഫലം കാണുകയും, സമ്പദ് വ്യവസ്ഥയില്‍ മാറ്റം വരുമെന്നും റീവ്‌സ് പറയുന്നു. വിവിധ വകുപ്പുകളുടെ ബജറ്റില്‍ നിന്നുമായി 14 ബില്ല്യണ്‍ പൗണ്ട് ചുരുക്കിയാണ് റീവ്‌സ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നത്.

പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റിലെ മാറ്റങ്ങള്‍ നിലവില്‍ ഇത് കൈപ്പറ്റുന്ന 370,000 പേരെ ബാധിക്കും. ശരാശരി 4500 പൗണ്ട് വരെ നഷ്ടം വരുന്നവരുണ്ട്. ഇതിന്റെ ഫലമായി 250,000 പേരെങ്കിലും 2029-30 ആകുന്നതോടെ ദാരിദ്ര്യത്തിലേക്ക് വീഴുമെന്നാണ് കണക്കാക്കുന്നത്.

Other News in this category



4malayalees Recommends