യുകെയില്‍ 13 കാരിയായ മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്‌സിന്റെ ഗ്രോബ് ജി 115വിമാനം പറത്തി. നിയയ്ക്കും കുടുംബത്തിനും ഇത് അഭിമാന നിമിഷമാണ്. രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി ബെര്‍ണാഡ് തന്റെ മകന്‍ ആര്‍എഎഫ് കേഡറ്റാണെന്നും സ്വന്തമായി വിമാനം പറത്തിയെന്നും പറഞ്ഞതാണ് നിയയ്ക്ക് പ്രചോദനമായത്. ഐര്‍എഎഫിന്റെ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത നിയയ്ക്ക് 13 വയസ് പൂര്‍ത്തിയായപ്പോള്‍ കേഡറ്റായി ചേരാന്‍ അവസരം ലഭിച്ചു.തിങ്കളും വെള്ളിയും ക്ലാസിന് ശേഷം ഏഴു മുതല്‍ പത്തുവരെ കേഡറ്റുകള്‍ക്കുള്ള പരിശീലന ക്യാമ്പില്‍ പോകാറുണ്ട്. കഠിനമായ ഡ്രില്ലുകളും അതിജീവന പരിശീലനങ്ങളും ഉണ്ടെങ്കിലും വിമാനം പറത്തുന്ന ദിവസത്തെ കുറിച്ചായിരുന്നു നിയ സ്വപ്‌നം കണ്ടത്.
ഭാവിയില്‍ എയര്‍ഫോഴ്‌സിലോ മറ്റ് സൈനിക വിഭാഗത്തിലോ താല്‍പര്യമുള്ളവര്‍ക്ക് ആര്‍എഎഫ് മികച്ച പരിശീലനവും അവസരങ്ങളുമാണ് നല്‍കുന്നത്. ഹൈക്കിങ്, ക്യാമ്പിങ് ,നാവിഗേഷന്‍ പരിശീലനം, എക്‌സര്‍സൈസുകള്‍, റൈഫിള്‍ പരിശീലനം, ടീം ബില്‍ഡിങ്, പ്രോബ്ലം സോള്‍വിങ്, സ്‌പോര്‍ട്‌സ് പരിശീലനങ്ങള്‍,രാജ്യാന്തര ക്യാമ്പുകള്‍, മിലിറ്ററി ക്യാമ്പ് സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെ കേഡറ്റുകള്‍ക്ക് ഏറെ ഗുണകരമായ കാര്യങ്ങളുണ്ട്.
കൂടുതല്‍ മലയാളി കുട്ടികള്‍ ഈ ഫീല്‍ഡിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായി കുട്ടിയുടെ അച്ഛന്‍ സിബി നിലമ്പൂര്‍ പറഞ്ഞു. അടുത്ത ഓപ്പണിങ് രണ്ടു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.