പരസ്പര തീരുവകളുടെ പരമ്പരയുടെ പുതിയ അധ്യായത്തില്‍ യുഎസുമായുള്ള കാനഡയുടെ ബന്ധത്തിന്റെ യുഗം ''അവസാനിച്ചു'' എന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. ട്രംപ് ബന്ധങ്ങളെ ശാശ്വതമായി മാറ്റിമറിച്ചെന്നും ഭാവിയില്‍ എന്തെങ്കിലും വ്യാപാര കരാറുകള്‍ ഉണ്ടായാലും ''പിന്നോട്ടുപോകില്ല'' എന്നും മാര്‍ക്ക് കാര്‍ണി കനേഡിയന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ''നമ്മുടെ സമ്പദ്വ്യവസ്ഥകളുടെ ആഴത്തിലുള്ള സംയോജനത്തെയും കര്‍ശനമായ സുരക്ഷ, സൈനിക സഹകരണത്തെയും അടിസ്ഥാനമാക്കി അമേരിക്കയുമായി ഉണ്ടായിരുന്ന പഴയ ബന്ധം അവസാനിച്ചു.'' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപിന്റെ കാര്‍ താരിഫുകള്‍ ''ന്യായീകരിക്കാനാവാത്തത്'' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവ രാജ്യങ്ങള്‍ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും പറഞ്ഞു.
അടുത്തയാഴ്ച പ്രതീക്ഷിക്കുന്ന പ്രതികാര നടപടികളോടെ ഏകോപിതമായ പ്രതികരണം ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രവിശ്യാ പ്രധാനമന്ത്രിമാരുമായും ബിസിനസ്സ് നേതാക്കളുമായും സംസാരിക്കുമെന്ന് കാര്‍ണി പറഞ്ഞു. ''ഈ പുതിയ താരിഫുകളോടുള്ള ഞങ്ങളുടെ പ്രതികരണം പോരാടുക എന്നതാണ്, സംരക്ഷിക്കുക എന്നതാണ്, കെട്ടിപ്പടുക്കുക എന്നതാണ്.'' കാര്‍ണി പറഞ്ഞു. ''യുഎസില്‍ പരമാവധി സ്വാധീനം ചെലുത്തുന്നതും കാനഡയില്‍ ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നതുമായ പ്രതികാര വ്യാപാര നടപടികളിലൂടെ ഞങ്ങള്‍ യുഎസ് താരിഫുകളെ നേരിടും.'' കാര്‍ണി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 3 മുതല്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങള്‍ക്കും 25% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.ഈയൊരു നീക്കം ഉല്‍പ്പാദനം കുറയ്ക്കാനും വില വര്‍ദ്ധിപ്പിക്കാനും ആഗോള വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷം യുഎസ് ഏകദേശം 475 ബില്യണ്‍ ഡോളര്‍ (£367 ബില്യണ്‍) വിലമതിക്കുന്ന കാറുകളാണ് ഇറക്കുമതി ചെയ്തത്. പ്രധാനമായും മെക്‌സിക്കോ, ജപ്പാന്‍, ദക്ഷിണ കൊറിയ , കാനഡ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് യുഎസ് കാര്‍ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ മാത്രം 750,000-ത്തിലധികം വാഹനങ്ങള്‍ അമേരിക്കന്‍ ഡ്രൈവര്‍മാര്‍ക്ക് വിറ്റിട്ടുണ്ട്.