'മേഘയ്ക്ക് നല്ല ശമ്പളം ഉണ്ടായിരുന്നു, പക്ഷെ ആഹാരം കഴിക്കാന്‍ പോലും പണമുണ്ടായില്ല '; സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് മുഴുവനും പോയത്'; മേഘയുടെ പിതാവ്

'മേഘയ്ക്ക് നല്ല ശമ്പളം ഉണ്ടായിരുന്നു, പക്ഷെ ആഹാരം കഴിക്കാന്‍ പോലും പണമുണ്ടായില്ല '; സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് മുഴുവനും പോയത്'; മേഘയുടെ പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സഹ പ്രവര്‍ത്തകന്‍ സുകാന്തിനെ തനിക്ക് അറിയില്ലെന്ന് മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞു. വീട്ടില്‍ വരുമ്പോള്‍ മേഘ നല്ല ഹാപ്പി ആയിരുന്നു. മരണ ശേഷമാണ് മേഘയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചത്. അതുകണ്ടപ്പോള്‍ ഞെട്ടിയെന്നും പിതാവ് വെളിപ്പെടുത്തി.

'ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഞാന്‍ അതില്‍ കണ്ടത്. അമ്പതിനായിരം രൂപയ്ക്കടുത്ത് മാസ ശമ്പളം ഉണ്ടായിരുന്ന മേഘയുടെ ബാങ്ക് അക്കൗണ്ടില്‍ മരണ സമയം തുച്ഛമായ തുക ആയിരുന്നു ഉണ്ടായിരുന്നത്. സാമ്പത്തിക ഇടപാടില്‍ മേഘ ചതിക്കപ്പെട്ടിട്ടുണ്ട്. ആഹാരത്തിന് പോലും മേഘയുടെ കൈവശം പണം ഇല്ലായിരുന്നു' പിതാവ് പറഞ്ഞു. മേഘയ്ക്ക് കിട്ടിയ ശമ്പളം മുഴുവന്‍ മേഘ സുകാന്തിന് നല്‍കിയത് എന്തോ ഭീഷണിയുടെ അടിസ്ഥാനത്തിലായിരിക്കാം എന്നും മേഘയുടെ പിതാവ് ആരോപിച്ചു. നിലവില്‍ തനിക്ക് കിട്ടുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും,ഐബിക്കും തങ്ങള്‍ കൈമാറുന്നുണ്ടെന്നും മേഘയുടെ പിതാവ് പറഞ്ഞു.

നിലവില്‍ മേഘയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനാണെന്നും പിതാവ് പറഞ്ഞു. സുകാന്തിനെ അന്വേഷണ സംഘം സമീപിച്ചിരുന്നുവെന്നും എന്നാല്‍ മൊഴി എടുക്കലിന് സുകാന്ത് ഇതുവരെ വന്നിട്ടില്ലെന്നും വ്യക്തമാക്കി. അന്വേഷണത്തില്‍ അവനെതിരെ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കണം എന്നും മേഘയുടെ പിതാവ് ആവശ്യപ്പെട്ടു. അതേസമയം സുകാന്തിനെ അന്വേഷണത്തിന് സംഘത്തിന് മുന്നില്‍ ലഭിച്ചാല്‍ സുകാന്തിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

Other News in this category



4malayalees Recommends