പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന്‍ മികച്ച പദ്ധതികള്‍ നടപ്പിലാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച കര്‍മപദ്ധതി പൂര്‍ണ വിജയം. പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള അവധി ദിവസങ്ങളിലും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആഘോഷ വേളകളില്‍ ഏറ്റവും കൂടുതലായി കാണുന്ന നിയമലംഘനം ഗതാഗതം തടസ്സപ്പെടുത്തലാണ്. പ്രത്യേകിച്ച് വാണിജ്യ കേന്ദ്രങ്ങള്‍ക്ക് സമീപവും പെരുന്നാള്‍ ആഘോഷ പരിപാടികള്‍ നടക്കുന്ന ഇടങ്ങളിലും ഇത് വ്യാപകമാവും.
ഈദ് ആഘോഷ വേളയില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനല്‍ കമാന്‍ഡ് സെന്ററും (എന്‍.സി.സി) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ റോഡുകളില്‍ ക്രമസമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് വലിയ പങ്കുവഹിച്ചു. ആഘോഷം നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം മുന്‍കൂട്ടി പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയമിച്ചിരുന്നു. റോഡുകളിലെ തിരക്ക് നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുഴുവന്‍ സമയ പട്രോളിങ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.