സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിസ റദ്ദാവാന്‍ കാരണമാവും; ഔദ്യോഗിക അറിയിപ്പുമായി യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിസ റദ്ദാവാന്‍ കാരണമാവും; ഔദ്യോഗിക അറിയിപ്പുമായി യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍
വ്യക്തികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ച് വിസ റദ്ദാക്കുകയോ വിസ നിഷേധിക്കുകയോ ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് യുഎസ് അധികൃതര്‍. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് അധികാരമേറ്റ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമെന്ന് തോന്നുന്ന ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നവരുടെ വിസ അപേക്ഷകള്‍ നിരസിക്കുകയോ, അല്ലെങ്കില്‍ നിലവിലുള്ള വിസകള്‍ റദ്ദാക്കുകയോ ചെയ്യുമെന്നാണ് ഇതോടെ അധികൃതര്‍ വിശദമാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേരുടെ വിസകള്‍ റദ്ദാക്കപ്പെട്ട സംഭവങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്നും അവരെ രാജ്യത്ത് താമസിപ്പിക്കാന്‍ കഴിയില്ലെന്നും അമേരിക്കയിലെ ഹോംലാന്റ് സെക്യൂരിറ്റി വകുപ്പിലെ പബ്ലിക് അഫയേഴ്‌സ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ഹമാസ്, ഹിസ്ബുല്ല, ഹൂതികള്‍ എന്നിങ്ങനെ അമേരിക്ക തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംഘങ്ങള്‍ എന്നിവയെ അനുകൂലിച്ചുള്ള പോസ്റ്റുകളും യു.എസ് വിസ റദ്ദാക്കപ്പെടാനോ വിസയ്ക്കായി നല്‍കുന്ന അപേക്ഷകള്‍ തള്ളപ്പെടാനോ കാരണമായേക്കുമെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഉള്ളടക്കം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയായി കണക്കാക്കുമെന്നും അവ വിസ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ തന്നെ പറയുന്നു. വിദ്യാര്‍ത്ഥികളുടെ വിസകള്‍ക്കും ഗ്രീന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ക്കും ഉള്‍പ്പെടെ ഈ നയം നിലവില്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞതായും അധികൃതര്‍ അറിയിക്കുന്നു.

Other News in this category



4malayalees Recommends