മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ തുടര്‍ച്ചയായി രണ്ടാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്തു. ദില്ലിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനം റാണയുടെ അറസ്റ്റിനെ തുടര്‍ന്ന് വലിയ സുരക്ഷാ വലയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയ്ക്ക് സെല്ലില്‍ യാതൊരുവിധ പ്രത്യേക പരിഗണനകളും നല്‍കാറില്ലെന്നും ആയാള്‍ ആവശ്യപ്പെട്ടതു പ്രകാരം ഒരു ഖുറാന്‍ നല്‍കിയിട്ടുണ്ടെന്നും സെല്ലില്‍ റാണ അഞ്ചുനേരം നമസ്‌ക്കരിക്കാറുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഖുറാന് പുറമെ പേനയും പേപ്പറുമാണ് റാണ ആവശ്യപ്പെട്ടത്. അത് നല്‍കിയിട്ടുണ്ട്. പേനയുപയോഗിച്ച് സ്വയം പരിക്കേല്‍പ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശ പ്രകാരം റാണയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ സാധിക്കും. നിലവില്‍ ഓരോ 48 മണിക്കൂറിലും ഇയാളുടെ വൈദ്യപരിശോധന നടത്തുന്നുമുണ്ട്.
വിശദാംശങ്ങള്‍ അറിയാന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. റാണ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.