ഹിജാബ് വലിച്ചൂരി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികള്‍ സ്റ്റേഷനിലെത്തിയത് മുടന്തികൊണ്ട് ; അഭിനയത്തിന് ഓസ്‌കാര്‍ നല്‍കേണ്ടിവരുമെന്ന് പരിഹാസം

ഹിജാബ് വലിച്ചൂരി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികള്‍ സ്റ്റേഷനിലെത്തിയത് മുടന്തികൊണ്ട് ; അഭിനയത്തിന് ഓസ്‌കാര്‍ നല്‍കേണ്ടിവരുമെന്ന് പരിഹാസം
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ യുവതിയെ ഹിജാബ് അഴിച്ചുമാറ്റി അപമാനിക്കുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ കൂട്ടമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തിയത് മുടന്തി. പ്രതികള്‍ പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന ദൃശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഓസ്‌കാറിനെ വെല്ലുന്ന അഭിനയമാണ് പ്രതികള്‍ കാഴ്ചവെച്ചതെന്നാണ് ചിലരുടെ പരിഹാസം. അഭിനയത്തിന് നൂറ് രൂപവെച്ച് എല്ലാവര്‍ക്കും നല്‍കാനും ചിലര്‍ പറയുന്നു.

ഖലാപര്‍ സ്വദേശിനിയും ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയുമായ ഫര്‍ഹാനയുടെ മകള്‍ ഫര്‍ഹീനാണ് ആള്‍ക്കൂട്ട അധിക്ഷേപത്തിന് ഇരയായത്. അമ്മയുടെ നിര്‍ദ്ദേശപ്രകാരം സച്ചിനെന്ന യുവാവിനൊപ്പം വായ്പാ ?ഗഡുവാങ്ങാന്‍ മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോഴായിരുന്നു ഇരുവര്‍ക്കുമെതിരെ ആള്‍ക്കൂട്ട അധിക്ഷേപവും ആക്രമണവും ഉണ്ടായത്.

അക്രമിസംഘത്തിലെ ഒരു പുരുഷന്‍ ഫര്‍ഹീന്റെ ഹിജാബ് ബലമായി ഊരിയെടുക്കുന്നതും മറ്റുള്ളവര്‍ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും അധിക്ഷേപിക്കുകയും ശാരീരകമായി ആക്രമിക്കുകയും ചെയ്യുന്നതാണ് വൈറലായ വീഡിയോ ദൃശ്യങ്ങളിലുള്ളത്. ഖലാപര്‍ പ്രദേശത്തെ ഒരു ഇടുങ്ങിയ പാതയില്‍ വെച്ചാണ് യുവതിയ്ക്കും യുവാവിനും എതിരെ ആക്രമണമുണ്ടായത്

പത്തോളം പേരടങ്ങുന്ന ഒരു സംഘമാണ് ഫര്‍ഹീനെ അപമാനിക്കുകയും സച്ചിനെ ആക്രമിക്കുകയും ചെയ്തത്. ഈ സംഭവങ്ങള്‍ ഒരു ദൃക്‌സാക്ഷി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ തുടര്‍ന്ന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചു. ഇതെ തുടര്‍ന്ന് സംഭവ സ്ഥലത്ത് ആളുകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ഇരുവരെയും സുരക്ഷിതമായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തത്. പിന്നീട് ഫര്‍ഹീന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആക്രമണ നടത്തിയ സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends