പ്രതികാര നടപടിയുമായി ട്രംപ് ; ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ചു
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. യൂണിവേഴ്സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. യൂണിവേഴ്സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും ക്യാംപസിനകത്ത് വൈവിധ്യവും നീതിയും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കണമെന്നുമുളള സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കാത്തതാണ് ഫണ്ട് മരവിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഹാര്‍വാര്‍ഡിനുളള 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യണ്‍ ഡോളറിന്റെ കരാറുകളുമാണ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. സര്‍ക്കാര്‍ സര്‍വ്വകലാശാലയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയാണെന്നും ഭരണകൂടം അതിരുകടന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ട്രംപിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചുകൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. അതിനുപിന്നാലെയാണ് യൂണിവേഴ്സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് വന്നത്.