റിപ്പോര്‍ട്ടര്‍ ടിവിക്കും ഡോ. അരുണ്‍കുമാറിനുമെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. മുട്ടില്‍ മരം മുറിക്കേസ് വിശദമാക്കുന്ന അരുണ്‍ കുമാറിന്റെ 24 ന്യൂസ് ചാനലിലെ പഴയ വീഡിയോ പങ്കുവെച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്. കേരളത്തില്‍ അടുത്തിടെ കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് മുട്ടിലില്‍ നടന്നതെന്നും അതിലെ പ്രതികള്‍ വനംകൊള്ളക്കാരായ കാട്ടുകള്ളന്മാര്‍ ആണെന്നും അരുണ്‍ കുമാര്‍ പറയുന്ന വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്.
എന്തായി ഈ മരംമുറി കേസിന്റെ അവസ്ഥയെന്നും വനംകൊള്ളക്കാരായ കാട്ടുകള്ളന്മാര്‍ ഇപ്പോ എന്ത് ചെയ്യുന്നുവെന്നും ബല്‍റാം പോസ്റ്റില്‍ ചോദിക്കുന്നു. മരംമുറിക്കേസിനേക്കുറിച്ച് അന്ന് വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടോ അതോ ആ കാട്ടുകള്ളന്മാരെ ഫോളോ ചെയ്യുകയാണോ എന്നും ബല്‍റാം ചോദിക്കുന്നുണ്ട്.
വിടി ബല്‍റാമിന്റെ പോസ്റ്റ്
റിപ്പോര്‍ട്ടര്‍ ടി വിയുടേതല്ല, വേറൊരു ചാനലിന്റേതാണ്. അതുകൊണ്ട് തന്നെ വ്യാജവാര്‍ത്തയാവാനുള്ള സാധ്യത താരതമ്യേന കുറവാണ്.
ഈ വിഡിയോ ഞാനായിട്ട് എഡിറ്റ് ചെയ്തിട്ടില്ല, ദീര്‍ഘമായ ഒരു റിപ്പോര്‍ട്ടിന്റെ അവസാനത്തെ ഒരു മിനിറ്റ് ആണിത്. ബാക്കി വേണമെങ്കില്‍ കമന്റില്‍ ഇടാം.
അതുകൊണ്ടുതന്നെ ദയവായി കേസ് കൊടുക്കരുത്.
മൂക്കില്‍ വലിക്കരുത്.
തൂക്കിക്കൊല്ലരുത്.
പക്ഷേ ഇതില്‍ പ്രമുഖ മാ.ധ്യമ പ്ര.വര്‍ത്തകനായ ഡോ. അരുണ്‍കുമാര്‍ അധികാരികമായി പറയുന്നത് ''കേരളത്തില്‍ അടുത്തിടെ കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് മുട്ടിലില്‍ നടന്നത്'' എന്നാണ്. അതിലെ പ്രതികള്‍ ''വനംകൊള്ളക്കാരായ കാട്ടുകള്ളന്മാര്‍'' ആണെന്നും ഡോ. അരുണ്‍കുമാര്‍ തന്നെ ആവര്‍ത്തിച്ച് പറയുന്നു. അദ്ദേഹം പറഞ്ഞാല്‍ പിന്നെ അത് സത്യമായിരിക്കും. സംശയമില്ല.
ഇനി അക്കാദമിക് പര്‍പ്പസിലുള്ള ചില സംശയങ്ങള്‍:
എന്തായി ഈ മരംമുറി കേസിന്റെ അവസ്ഥ?
''വനംകൊള്ളക്കാരായ കാട്ടുകള്ളന്മാര്‍'' ഇപ്പോ എന്ത് ചെയ്യുന്നു?
മരംമുറിക്കേസിനേക്കുറിച്ച് അന്ന് വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന മാ.ധ്യമ പ്ര.വര്‍ത്തകര്‍ ഇപ്പോള്‍ ആ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടോ അതോ ആ കാട്ടുകള്ളന്മാരെ ഫോളോ ചെയ്യുകയാണോ?
റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ 'ഊത്ത്' കോണ്‍ഗ്രസെന്ന് വിളിച്ച് അപമാനിച്ചു സംഭവത്തിലാണ് അരുണ്കുമാറിനും റിപ്പോര്‍ട്ടര്‍ ടിവിക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് പോര്‍മുഖം തുറന്നിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലെ രാഷ്ട്രീയ പക്ഷപാതിത്വം കാരണം കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ആ ചാനലുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശ്ശേരിയിലെ കോര്‍പറേറ്റ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തി. ചാനലിന്റെ കോമ്പൗണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം മീറ്റ് ദ എഡിറ്റേഴ്‌സിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തും വിധം പറഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ടെന്നു തെറ്റിദ്ധാരണയുണ്ടാകും വിധം വീഡിയോ എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുന്നതാണന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.