ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനങ്ങള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരികള്‍. ലോക സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച മാര്‍പാപ്പയുടെ നിര്യാണത്തില്‍ തന്റെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
പരിശുദ്ധനായ മാര്‍പ്പാപ്പയുടെ നിര്യാണത്തില്‍ ഏറെ ദു:ഖം രേഖപ്പെടുത്തുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിച്ച അദ്ദേഹത്തിന്റെ കാരുണ്യവും എളിമയും മതാന്തര ഐക്യവും ലോകമെമ്പാടുമുള്ള ജനങ്ങളെ ഇനിയും സ്വാധീനിക്കുമെന്നും ദുബൈ ഭരണാധികാരി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.