ട്രംപുമായുള്ള കാര്‍ണിയുടെ കൂടിക്കാഴ്ചയില്‍ ഉറ്റുനോക്കി കാനഡ ; താരിഫ് വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്‌തേക്കും
ട്രംപിന്റെ ഒരു ആഗ്രഹവും നടക്കാന്‍ പോകുന്നില്ലെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട വ്യക്തിയാണ് മാര്‍ക്ക് കാര്‍ണി. കാനഡയിലെ ജനങ്ങളും കാര്‍ണിയുടെ ട്രംപിനോടുള്ള ശക്തമായ പ്രതികരണത്തില്‍ അഭിമാനത്തിലുമായിരുന്നു. കാര്‍ണിയെ വലിയ വിജയത്തിലേക്ക് നയിച്ചതും താരിഫും ട്രംപിന്റെ പ്രസ്താവനകളോടുള്ള മറുപടികളുമാണ്. ഇപ്പോഴിതാ ട്രംപ് കാര്‍ണി കൂടിക്കാഴ്ചയാണ് നടക്കാന്‍ പോകുന്നത്.
കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാര്‍ക്ക് കാര്‍ണി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. ട്രംപ് പ്രസിഡന്റായി വീണ്ടുമെത്തിയതിന് പിന്നാലെ പ്രഖ്യാപിച്ച വ്യാപാര തര്‍ക്കത്തിന്റെയടക്കം പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി വരുന്ന കാര്‍ണി, കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയത്. കടുത്ത ട്രംപ് വിരുദ്ധന്‍ എന്ന ഖ്യാതിയാണ് കാര്‍ണിക്ക് തെരഞ്ഞെടുപ്പില്‍ വലിയ ഗുണമായത്. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നേയുള്ള കാര്‍ണിയുടെ പ്രതികരണവും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന സൂചന തന്നെയാണ് നല്‍കുന്നത്. വ്യാപാര തര്‍ക്കത്തില്‍ ഉടന്‍ 'വെള്ള പുക' പ്രതീക്ഷിക്കേണ്ടെന്നാണ് വൈറ്റ് ഹൗസിലാണ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നേ മാധ്യമങ്ങളെ കണ്ട കാര്‍ണി പറഞ്ഞത്. ഏതായാലും താരിഫ് വിഷയവും മറ്റ് നയങ്ങളും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.