ലില്ലിയും ജാക്കും ഇപ്പോഴും കാണാമറയത്ത് ; ഏഴു ദിവസമായി അന്വേഷണം തുടര്‍ന്ന് പൊലീസ്
കാനഡയിലെ നോവ സ്‌കോട്ടിയ പ്രവിശ്യയിലെ ഗ്രാമപ്രദേശത്ത് നിന്നു കാണാതായ രണ്ടു കുട്ടികള്‍ക്കായി അന്വേഷണം തുടരുന്നു. പിക്റ്റൗ കൗണ്ടിയിലെ ലാന്‍സ്ഡൗണ്‍ സ്റ്റേഷനിലുള്ള വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ആറു വയസ്സുകാരി ലില്ലി സള്ളിവനേയും സഹോദരന്‍ ജാക്കിനേയും (4) അവസാനമായി കണ്ടത്. ഇവര്‍ വീട്ടില്‍ നിന്ന് പുറത്തുപോയതായി ശനിയാഴ്ച റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളെ കാണാതായിട്ട് ഏഴാം ദിവസമായതിനാല്‍ അന്വേഷണ സംഘവും ആശങ്കയിലാണ്.
140 ഓളം പരിശീലന അംഗങ്ങളും പൊലീസ് നായ്ക്കളും ഹീറ്റ് സീക്കിങ് ഡ്രോണുകളും തിരച്ചില്‍ നടത്തുകയാണ്.
കുട്ടികളുടെ അമ്മ മലേഹിയ ബ്രൂക്‌സ് മുറെ വെള്ളിയാഴ്ച രാവിലെ കുട്ടികള്‍ അടുത്ത മുറിയില്‍ കളിക്കുന്നത് കേട്ട് ഉറങ്ങിയെന്നും ഉണര്‍ന്നപ്പോള്‍ അവരെ കാണാതായതിനെ തുടര്‍ന്നാണ് 911ല്‍ വിളിച്ചതെന്നും പഞ്ഞു. ജാക്കും ലില്ലിയും ഒറ്റയ്ക്ക് പുറത്ത് പോകുന്ന തരത്തിലുള്ള കുട്ടികളല്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ രണ്ടാനച്ഛന്‍ ഡാനിയല്‍ മാര്‍ട്ടെല്‍ അതിര്‍ത്തികളും വിമാനത്താവളങ്ങളും നിരീക്ഷിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു തട്ടിക്കൊണ്ടുപോയ സംഭവമല്ലെന്ന നിലപാടിലാണ് പൊലീസ്.