ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘര്‍ഷം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.'അല്‍പ്പം ശാന്തരാകാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് സാധിക്കും. എന്നാല്‍ അടിസ്ഥാനപരമായി നമുക്ക് പങ്കാളിത്തമില്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തില്‍ നമ്മള്‍ ഇടപെടാന്‍ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാന്‍ അമേരിക്കക്ക് പറയാന്‍ കഴിയില്ല. പാകിസ്ഥാനികളോടും ആയുധം താഴെ വയ്ക്കാന്‍ പറയാന്‍ കഴിയില്ല. അതിനാല്‍, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഈ വിഷയം പിന്തുടരും' - അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു.
'ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്കോ, ഒരു ആണവ സംഘര്‍ഷത്തിലേക്കോ നീങ്ങില്ല എന്നാണ് പ്രതീക്ഷ'- വാന്‍സ് പറഞ്ഞു. അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഗുരുതരമായ സാഹചര്യത്തില്‍ യുഎസ് ഇടപെട്ടിരുന്നു. സംഘര്‍ഷം ലഘൂകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും ആവശ്യപ്പെട്ടു. ഫോണില്‍ വിളിച്ചാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇക്കാര്യം ആവശ്യപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം അറിയിച്ച റൂബിയോ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.