പുതുമുഖങ്ങളാല്‍ നിറഞ്ഞ് കാനഡയിലെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ മന്ത്രിസഭ. 28 മന്ത്രിമാരും 10 സെക്രട്ടറിമാരും അടങ്ങുന്ന കാബിനറ്റില്‍ 24 പേര്‍ പുതുമുഖങ്ങളാണ്. അമേരിക്ക-കാനഡ ബന്ധത്തെ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദിനെ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. മെലാനി ജോളിയെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് മാറ്റി വ്യവസായ വകുപ്പിന്റെ ചുമതല നല്‍കി. മനീന്ദര്‍ സിംഗ് സന്ദുവാണ് അന്താരാഷ്ട്ര വ്യാപാര മന്ത്രി.
13 പേര്‍ ആദ്യമായി എംപിമാരാകുന്നവരാണ്. അനിത ആനന്ദ് ഉള്‍പ്പെടെ, ഗാരി അനന്ദസംഗരേ, സീന്‍ ഫ്രാസെര്‍, ഡൊമിനിക് ലെബ്ലാങ്ക്, മെലാനി ജോളി, ക്രിസ്റ്റിയ ഫ്രീലാന്‍ഡ് തുടങ്ങിയ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ കാലത്തെ പ്രഗത്ഭര്‍ കാബിനറ്റിലേക്ക് തിരിച്ചെത്തി. ട്രൂഡോ സര്‍ക്കാരില്‍ ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങിയ കുടിയേറ്റവും ഊര്‍ജവും വകുപ്പ് പുതിയ മന്ത്രിമാര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
മന്ത്രിസഭയില്‍ ലിംഗസമത്വം നിലനിര്‍ത്താനുള്ള ട്രൂഡോ നയം കാര്‍ണിയും തുടരുന്നു. കനേഡിയക്കാര്‍ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതുമായ മാറ്റം കൊണ്ടുവരാനാണ് കാനഡയിലെ പുതിയ മന്ത്രാലയം നിര്‍മിച്ചിരിക്കുന്നതെന്ന് കാര്‍ണി പറഞ്ഞു. കാര്‍ണി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. 27ന് പാര്‍ലമെന്റ് സമ്മേളനം നടക്കും.