പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ പാകിസ്ഥാന് തുര്‍ക്കി നല്‍കിയ പിന്തുണയ്ക്ക് മറുപടിയായി തുര്‍ക്കി ആപ്പിളും ഡ്രൈ ഫ്രൂട്ട്സും ബഹിഷ്‌കരിച്ച് പൂനെയിലെ പഴ വ്യാപാരികള്‍.
തുര്‍ക്കി ആപ്പിളും ഡ്രൈ ഫ്രൂട്ട്സും ബഹിഷ്‌കരിച്ചുകൊണ്ട് രാജ്യത്തിന് പ്രഥമ സ്ഥാനം നല്‍കിയതിന് പൂനെയിലെ പഴ വ്യാപാരികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ച പ്രശംസിച്ചു. ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ ഏകദേശം 1000 കോടി ഡോളറിന്റെ ഡ്രൈഫ്രൂട്ട്‌സ് കച്ചവടമാണ് നടന്നിരുന്നത്.
'തുര്‍ക്കിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്ന് തീരുമാനിച്ച എല്ലാ വ്യാപാരികളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇത്തരത്തില്‍ 'രാഷ്ട്രം ആദ്യം' എന്ന വികാരം നമ്മുടെ പ്രവര്‍ത്തനങ്ങളെ നയിക്കണം.
ഭീകരതയെ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നവരെ ഒരു പാഠം പഠിപ്പിക്കണം,' ഫഡ്നാവിസ് പ്രതികരിച്ചു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ലഭിക്കുന്ന ഒരു ഭീഷണിയെയും ഭയപ്പെടേണ്ടതില്ലെന്നും ഏത് ഭീഷണിയെയും നിര്‍ണ്ണായകമായി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും തുര്‍ക്കിയില്‍ നിന്നുള്ള ആപ്രിക്കോട്ട്, ഹാസല്‍നട്ട് എന്നിവയുടെ ഇറക്കുമതിയാണ് നിര്‍ത്തിവെച്ചത്. അത്തിപ്പഴം, ആപ്രിക്കോട് മുന്തിരിയിനത്തില്‍പ്പെട്ട സുല്‍ത്താന പിസ്ത തുടങ്ങിയവ തുര്‍ക്കിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.
ഇവ ബഹിഷ്‌കരിച്ചതായി തുര്‍ക്കി പൂനെ സ്പൈസ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്സ് അസോസിയേഷന്റെ കമ്മിറ്റി അംഗം നവീന്‍ ഗോയല്‍ സ്ഥിരീകരിച്ചു. സമീപകാല യുദ്ധങ്ങളില്‍ തുര്‍ക്കി പാകിസ്ഥാന് ഡ്രോണുകള്‍ നല്‍കിയതാണ് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനി തുര്‍ക്കിയുമായി വ്യാപാരം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുന്‍കാലങ്ങളില്‍ ഇന്ത്യ സഹായം നല്‍കിയിട്ടും, തുര്‍ക്കി പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഈ ബഹിഷ്‌കരണം അവരുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കും.
തുര്‍ക്കിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യയെന്നും ഗോയല്‍ പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ നിന്ന് തുര്‍ക്കി പ്രതിവര്‍ഷം 10,000 കോടിയിലധികം വരുമാനം നേടുന്നുണ്ട്. അതാണിപ്പോള്‍ അപകടത്തിലായതെന്നും അദ്ദേഹം അവകാശപ്പെട്ടു.