14കാരനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സ്‌കൂള്‍ കൌണ്‍സിലര്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ പെന്റിഡ്ജ് സൌത്ത് മിഡില്‍ സ്‌കൂളിലെ കൌണ്‍സിലറായ 36കാരിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2022ലെ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെയാണ് 36കാരിയായ കെല്ലി ആന്‍ ഷൂട്ട് 14കാരനുമായി അടുക്കുന്നത്. ഇതിന് പിന്നാലെ കൌണ്‍സിലറുടെ വീട്ടില്‍ വച്ച് 36കാരി 14കാരനുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയിലാണ് സംഭവത്തില്‍ കേസ് എടുത്തത്.
എന്നാല്‍ 36കാരിക്കെതിരെ ചുമത്തിയ ലൈംഗിക പീഡനം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ കോടതി തള്ളി. 14കാരന്റെ മൊഴിയെടുത്തതിന് ശേഷമായിരുന്നു ഇത്. ക്ലാസ് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിയെ 36കാരി ഓഫീസ് മുറിയിലേക്ക് സ്ഥിരമായി വിളിപ്പിച്ചിരുന്നു. ഇത് 14കാരന്‍ ക്ലാസുകള്‍ നഷ്ടപ്പെടാന്‍ കാരണമായിരുന്നു. പെന്‍സില്‍വാനിയയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് മേഖലയില്‍ വച്ചും ഇവര്‍ ശാരീരിക ബന്ധം പുലര്‍ത്തിയതായും കോടതി കണ്ടെത്തി. വേനല്‍ അവധിക്കും മകന്‍ സ്ഥിരമായി സ്‌കൂളിലേക്ക് പോവുന്നതിലെ അസ്വാഭാവികത ശ്രദ്ധിച്ച 14കാരന്റെ മാതാവാണ് സ്‌കൂള്‍ ജീവനക്കാരിയുമായുള്ള ബന്ധം കണ്ടെത്തുന്നത്.
ലൈംഗിക കുറ്റവാളി എന്ന ഗണത്തിലാണ് യുവതിയെ കോടതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1 വര്‍ഷത്തേക്ക് ഇരയുമായി ബന്ധപ്പെടുന്നതിനും കോടതി 36കാരിയെ വിലക്കിയിട്ടുണ്ട്. ഭാവിയില്‍ ഒരു സ്‌കൂളിലും കൌണ്‍സിലര്‍ ജോലി ചെയ്യാനും യുവതിക്ക് വിലക്കുണ്ട്. ഇതിന് പുറമേ സ്ഥിരമായി മാനസികാരോഗ്യ പരിശോധനയ്ക്കും യുവതി വിധേയയാവണം. വിശ്വാസം വേണ്ട ജോലിയാണ് യുവതി ചെയ്തിരുന്നത്. എന്നാല്‍ യുവതിയുടെ പ്രവര്‍ത്തി അല്‍പം പോലും വിശ്വാസം ജോലിയോട് പുലര്‍ത്തുന്നതായിരുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
36കാരിയുടെ കമ്മലുകള്‍ അന്വേഷണത്തിനിടെ 14കാരന്റെ കിടപ്പുമുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ ജീവനക്കാരിയ്ക്ക് വിദ്യാര്‍ത്ഥിയോട് ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 2023 ജൂലൈയിലാണ് ഇവര്‍ തമ്മിലുള്ള ബന്ധം പുറത്തായത്.