'ചടങ്ങില്‍ പങ്കെടുക്കാത്തത് അനാരോഗ്യം കാരണം'; സ്മാര്‍ട്ട് റോഡ് ഉദ്ഘടനത്തില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

'ചടങ്ങില്‍ പങ്കെടുക്കാത്തത് അനാരോഗ്യം കാരണം'; സ്മാര്‍ട്ട് റോഡ് ഉദ്ഘടനത്തില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
സ്മാര്‍ട്ട് റോഡ് ഉദ്ഘടനത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അനാരോഗ്യം കാരണമാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ശോഭ കെടുത്താനാണ് പ്രചാരണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തെ സ്മാര്‍ട്ട്‌സിറ്റി റോഡിനെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത ഉണ്ടായതിനെ തുടര്‍ന്നാണ് ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ട് നിന്നതെന്നായിരുന്നു ആരോപണം. പണം ചെലവഴിച്ച പൊതുമരാമത്ത് വകുപ്പിനെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും അടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തതെന്നും ഇക്കാര്യത്തില്‍ തദ്ദേശവകുപ്പ് മന്ത്രി അതൃപ്തി നേരിട്ടറിയിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഫ്‌ലക്‌സുകളും പത്ര പരസ്യങ്ങളുമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിനെ പ്രചാരണ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ നിന്ന് ഒഴിവാക്കിയതില്‍ മുഖ്യമന്ത്രിയോട് പരാതി അറിയിച്ചിരുന്നു. പണം ചെലവഴിച്ച തദ്ദേശവകുപ്പിനെ അവഗണിച്ചതിലാണ് അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നതെന്നായിരുന്നു സൂചന.

ആരോഗ്യപ്രശ്‌നങ്ങളാല്‍ അന്നേ ദിവസത്തെ പരിപാടികള്‍ മുഴുവന്‍ റദ്ദാക്കിയതെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. എം ബി രാജേഷും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് റോഡുകള്‍ തയ്യാറാക്കിയത്.

Other News in this category



4malayalees Recommends