ലഷ്‌കര്‍ സഹസ്ഥാപകന്‍ ആമിര്‍ ഹംസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹത. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് അടുത്ത അനുയായികളടക്കം വിവരങ്ങള്‍ നല്‍കാതെയായതോടെയാണ് ദുരൂഹത ഉയര്‍ന്നത്. ലഷ്‌കറിന്റെ സ്ഥാപകരില്‍ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് തെറ്റാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.
വീടിനുള്ളില്‍ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എങ്ങനെയാണ് അപകടം ഉണ്ടായത് എന്നത് സംബന്ധിച്ച് അമീര്‍ ഹംസയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
അഫ്ഘാന്‍ മുജാഹിദീന്‍ ഭീകരനും ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവുമാണ് ആമീര്‍ ഹംസ. യുഎസ് ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആമീര്‍ ഹംസ ലഷ്‌കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ കൂടിയാണ്.
ലഷ്‌കറിന്റെ പ്രധാന കമ്മിറ്റികളില്‍ ഉള്ള ഇയാള്‍ സംഘടനയ്ക്ക് പണം പിരിക്കാനും, യുവാക്കളെ റിക്രൂട്ട് ചെയ്യാനും മുന്‍പന്തിയിലുണ്ടായിരുന്നു. 2018ല്‍ ലഷ്‌കറിന്റെ സഹസ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക പരിശോധനകളും മറ്റും കര്‍ശനമാക്കിയത് മുതല്‍ ഇയാള്‍ ലഷ്‌കറുമായി അകന്നു. തുടര്‍ന്ന് ജയ്ഷ് ഇ മങ്കഫാ എന്ന സംഘടനയുണ്ടാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.