യു എസ്- കാനഡ ബന്ധം വഷളാവുകയും വ്യാപാര സംഘര്‍ഷം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും യു എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും കൂടിക്കാഴ്ച നടത്തി. വ്യാപാര സംഘര്‍ഷങ്ങള്‍, അതിര്‍ത്തി സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയവയാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്.
വത്തിക്കാനില്‍ പോപ്പ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണ കുര്‍ബാനയില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെ റോമിലെ യു എസ് അംബാസഡറുടെ വസതിയായ വില്ല ടാവെര്‍ണയിലാണ് കൂടിക്കാഴ്ച നടന്നത്.
ചര്‍ച്ചകളെ ക്രിയാത്മകമെന്ന് വിശേഷിപ്പിച്ച കാര്‍ണിയുടെ ഓഫീസ് 'വ്യാപാര സമ്മര്‍ദ്ദങ്ങളെക്കുറിച്ചും പുതിയ സാമ്പത്തിക, സുരക്ഷാ ബന്ധം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും' ഇരുവരും സംസാരിച്ചതായി പറഞ്ഞു.
വൈസ് പ്രസിഡന്റ് വാന്‍സും ഇതേ രീതിയിലാണ് പ്രതികരിച്ചത്. 'ന്യായമായ വ്യാപാര നയങ്ങളിലും ഇരു രാജ്യങ്ങളുടെയും തുടര്‍ച്ചയായ നിലനില്‍ക്കുന്ന ബന്ധത്തിലും' ശ്രദ്ധ കേന്ദ്രീകരിച്ച ഒരു 'അവിചാരിത കൂടിക്കാഴ്ച്' എന്ന് വിശേഷിപ്പിച്ചു.
'കാനഡയും അമേരിക്കയും തമ്മില്‍ പുതിയ സാമ്പത്തിക, സുരക്ഷാ ബന്ധം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് തങ്ങള്‍ സംസാരിച്ചതായും വ്യാപാര സമ്മര്‍ദ്ദങ്ങളെ അഭിസംബോധന ചെയ്തതായും ഇരുരാജ്യങ്ങളുടേയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയും അതിര്‍ത്തി സുരക്ഷിതമാക്കുകയും ചെയ്യുമെന്ന് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കാര്‍ണി ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഞങ്ങള്‍ ഏറ്റവും ശക്തരാകുന്നത് എന്നും കുറിച്ചു.
വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയുടെ റിപ്പോര്‍ട്ട് പ്രകാരം കാനഡ താരിഫുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്ന അവകാശവാദങ്ങള്‍ കനേഡിയന്‍ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ നിരസിച്ചു. താരിഫുകളില്‍ 70 ശതമാനം ഇപ്പോഴും നിലവിലുണ്ടെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഏകദേശം 43 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള യു എസ് സാധനങ്ങള്‍ക്ക് കാനഡ തീരുവ ഈടാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 7ന് കാനഡ ഗസറ്റില്‍ ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, ദേശീയ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കനേഡിയന്‍ സ്ഥാപനങ്ങളെ വിതരണ ശൃംഖലകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നതിന് ഈ ഇളവുകള്‍ അനുവദിക്കുമെന്ന് ഷാംപെയ്‌നിന്റെ ഓഫീസ് വ്യക്തമാക്കി.
കനേഡിയന്‍ മാധ്യമങ്ങളില്‍ വ്യാപകമായി ഉദ്ധരിക്കപ്പെട്ട ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ ഒരു റിപ്പോര്‍ട്ട് ഇളവുകളുടെ പരിധി ഫലപ്രദമായി താരിഫ് നിരക്കുകളെ 'ഏകദേശം പൂജ്യത്തിലേക്ക്' എത്തിച്ചുവെന്ന് അവകാശപ്പെട്ടു. കാര്‍ണി സര്‍ക്കാര്‍ നിശബ്ദമായി പിന്മാറുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവ്രെ ആരോപിച്ചു. ഷാംപെയ്ന്‍ ഇത് തെറ്റായ വിവരമാണെന്ന് തള്ളിക്കളഞ്ഞു.
ഫെന്റനൈലിനും നിയമവിരുദ്ധമായ അതിര്‍ത്തി കടന്നുള്ള കടന്നുകയറ്റത്തിനുമെതിരായ പോരാട്ടത്തിന് ഇരു സര്‍ക്കാരുകളും മുന്‍ഗണന നല്‍കുന്ന സമയത്താണ് കാര്‍ണി- വാന്‍സ് ചര്‍ച്ചകള്‍ നടക്കുന്നത്. 'അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും ഫെന്റനൈല്‍ തടയുന്നതിനും പ്രതിരോധത്തിലും സുരക്ഷയിലും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍' ചര്‍ച്ചയുടെ ഭാഗമായിരുന്നുവെന്ന് കാര്‍ണിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
വാര്‍ത്താ ഏജന്‍സിയായ എ പിയുടെ അഭിപ്രായത്തില്‍ യുക്രെയ്നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായും കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ റോമില്‍ വിശാലമായ യു എസ് നയതന്ത്ര നീക്കത്തിനാണ് വാന്‍സ് നേതൃത്വം നല്‍കിയത്. യുക്രെയ്നിലെ സമാധാനത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച മാനുഷിക ശ്രമങ്ങള്‍ തുടരുമെന്നും വ്യക്തമാക്കിയ പോപ്പ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെയും വാന്‍സ് കണ്ടു.